ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി സ്ലാബുകള്‍ ലയിപ്പിക്കാനൊരുങ്ങുന്നു. 12, 18 ശതമാനം നികുതി സ്ലാബുകള്‍ ഒരൊറ്റ സ്ലാബില്‍ ആക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ മാര്‍ച്ചില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. 5, 12, 18, 28 എന്നിങ്ങനെയുള്ള ശതമാന നിരക്കുകളിലാണ് നിലവിലെ നികുതി സ്ലാബ്.
വിലയേറിയ കല്ലുകള്‍ക്കും ലോഹങ്ങള്‍ക്കും 0.2 ശതമാനം, മൂന്ന് ശതമാനം നികുതി നിരുക്കകള്‍ ഈടാക്കുന്നുണ്ട്. ആഡംബര വസ്തുക്കള്‍, ഓട്ടോമൊബൈല്‍ പാട്‌സുകള്‍, പുകയില തുടങ്ങിയവയ്ക്കുള്ള സെസുകള്‍ക്ക് പുറമെയാണിത്. നിലവില്‍ 12 ശതമാനവും 18 ശതമാനവും വരുന്ന ടാക്‌സ് സ്ലാബുകള്‍ ലയിപ്പിക്കുമ്പോള്‍ 12 ശതമാനം വരുന്ന നികുതി നിരക്കുകള്‍ ഉയര്‍ന്നേക്കാം.
അതേസമയം 18 ശതമാനം വരുന്ന സ്ലാബിലെ ഉത്പന്നങ്ങളുടെ നികുതി കുറയുകയും ചെയ്യും. ഇരു സ്ലാബുകളും ലയിപ്പിക്കുന്നതോടെ നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വില കൂടിയേക്കാം. എന്നാല്‍ സോപ്പ്, അടുക്കള ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വില കുറയാനും സാധ്യതയുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ധനകാര്യ വകുപ്പിന്റെ നടപടികള്‍ക്ക് അനുസരിച്ചായിരിക്കും.
ഇതോടെ നിലവിലെ നാല് ടാക്‌സ് സ്ലാബുകളുടെ എണ്ണം മൂന്നായി കുറയും. കുറഞ്ഞ നികുതിയുള്ള ഉല്‍പന്നങ്ങള്‍, ഇടത്തരം നികുതി, ഉയര്‍ന്ന നികുതി എന്ന നിലയിലേക്ക് നികുതി ഘടന മാറും. ജിഎസ്ടി സ്ലാബ് സംയോജനം ഉല്‍പന്നങ്ങളുടെ നികുതി സംബന്ധിച്ച സങ്കീര്‍ണതകള്‍ കുറയ്ക്കുകയും ചെയ്യും.
എന്നാല്‍ പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതേപ്പറ്റി മിണ്ടാട്ടമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.