ന്യൂഡല്‍ഹി: ഖേല്‍ രത്ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തതില്‍ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷന്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മനുവിനെ ഖേല്‍ രത്നക്ക് പരിഗണിക്കുന്നില്ലെങ്കില്‍ പുരസ്‌കാര കമ്മിറ്റിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാകും. അല്ലെങ്കില്‍ ചിലരുടെ ഉത്തരവ് പിന്തുടരുകയാണെന്ന് കരുതേണ്ടി വരുമെന്നും അദേഹം പറഞ്ഞു. 
പുരസ്‌കാരത്തിന് താന്‍ അര്‍ഹയാണെന്നും എന്നാല്‍ രാജ്യം തീരുമാനിക്കട്ടേയെന്നുമാണ് മനു ഭാക്കറിന്റെ നിലപാടെന്നും പിതാവ് പറഞ്ഞു. ടെലികോം ഏഷ്യ സ്പോര്‍ട്ടിനോടാണ് രാം കിഷന്‍ പ്രതികരിച്ചത്. താന്‍ പുരസ്‌കാരത്തിന് അര്‍ഹയാണ്. എന്നാല്‍ രാജ്യം തീരുമാനിക്കട്ടെയെന്ന് മനു ഭാക്കര്‍ പറഞ്ഞതായി പിതാവ് ടെലികോം ഏഷ്യ സ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 
കഴിഞ്ഞ നാല് വര്‍ഷമായി അവള്‍ പദ്മശ്രീയടക്കമുള്ള വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നുണ്ട്. എങ്ങനെയാണ് ഈ വര്‍ഷം അപേക്ഷിക്കാതിരിക്കുന്നതെന്നും മനു ഭാക്കറിന്റെ പിതാവ് ചോദിച്ചു. മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളിലായി 49 കാഷ് അവാര്‍ഡുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാം തള്ളിയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഒരു കായിക ഹബ്ബാക്കി മാറ്റണമെങ്കില്‍ ഒളിമ്പിക് താരങ്ങള്‍ക്ക് ബഹുമാനം നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ ഇത്തരം തീരുമാനങ്ങളെടുത്ത് നിരുത്സാഹപ്പെടുത്തകയല്ല വേണ്ടതെന്നും രാം കിഷന്‍ ചൂണ്ടിക്കാട്ടി. ഷൂട്ടിങ് രംഗത്തേക്ക് മനു ഭാക്കറിനെ കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു. പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു. അങ്ങനെയെങ്കില്‍ എല്ലാ പുരസ്‌കാരങ്ങളും അവളുടെ വഴിയേ വന്നേനെയെന്നും പിതാവ് പ്രതികരിച്ചു. 
ഒരു ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ ആരും നേടിയിട്ടില്ല. ഇതില്‍ കൂടുതല്‍ എന്താണ് എന്റെ മകള്‍ രാജ്യത്തിനായി ചെയ്യേണ്ടതെന്നാണ് പ്രതീക്ഷിക്കുന്നത്? സംഭവത്തില്‍ മനു നിരാശയിലാണെന്ന് പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.