നാലുകെട്ടിന്റെ തമ്പുരാന് നാട് ഇന്ന് വിട ചൊല്ലും: സംസ്‌കാരം വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂരില്‍; ചടങ്ങുകള്‍ എംടിയുടെ ആഗ്രഹ പ്രകാരം

നാലുകെട്ടിന്റെ തമ്പുരാന് നാട് ഇന്ന് വിട ചൊല്ലും: സംസ്‌കാരം വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂരില്‍; ചടങ്ങുകള്‍ എംടിയുടെ ആഗ്രഹ പ്രകാരം

കോഴിക്കോട്: അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീടായ സിത്താരയില്‍ വൈകുന്നേരം നാല് വരെ അന്തിമോപചാരം അര്‍പ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഇല്ലാതെയാകും അവസാന യാത്ര.

എംടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റി വച്ചു.

അന്തിമോപചാരമര്‍പ്പിക്കാന്‍ സാംസ്‌കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ ലോകത്തെ പ്രമുഖരുടെ നിര തന്നെ കൊട്ടാരം റോഡിലെ സിത്താരയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നടന്‍ മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ വസതിയില്‍ എത്തി അദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ അനുശോചനം അറിയിച്ചിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തിനായിരുന്നു അന്ത്യം. എല്ലാ അര്‍ഥത്തിലും വിസ്മയവും ഇതിഹാസവും ആയിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷര നക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിയ പുണ്യമാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗപ്രതിഭ. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മതയുടെ പെരുന്തച്ചന്‍.

നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായരാണ് ആദ്യ ഭാര്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.