എംടി എന്ന രണ്ടക്ഷരങ്ങള്‍ കൊണ്ട് മലയാള സാഹിത്യത്തിന്റെ തലവര തന്നെ മാറ്റിമറിച്ച വ്യക്തിപ്രഭാവമാണ് വിടവാങ്ങിയത്. നന്നേ ചെറുപ്പത്തില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ, സാഹിത്യരചന നടത്തിയിരുന്ന അദേഹത്തിന്റെ കഥകള്‍ കോളജ് വിദ്യാഭ്യാസക്കാലത്ത് അന്നത്തെ ജയകേരളം മാസികയിലൂടെ അച്ചടിമഷി പുരണ്ടിരുന്നു. പാലക്കാട് വിക്ടോറിയ കോളജില്‍ പഠിക്കുമ്പോഴാണ് 'രക്തംപുരണ്ട മണല്‍ത്തരികള്‍' എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയത്.
മാടത്തു തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എംടി വാസുദേവന്‍ നായരുടെ ജനനം 1933 ജൂലൈ 15 ന് ആയിരുന്നു. നാട്ടിലെ എഴുത്താശാനായിരുന്ന കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തില്‍ തുടങ്ങിയ ആ അക്ഷരോപാസന മലമക്കാവ് എലമെന്ററി സ്‌കൂളിലും കുമാരനല്ലൂര്‍ ഹൈസ്‌കൂളിലും, പിന്നീട് പാലക്കാട് വിക്ടോറിയ കോളജിലേക്കും പടരുകയായിരുന്നു. ഈ സാഹിത്യ പ്രതിഭാസത്തിന്റെ ഐശ്ചിക വിഷയം രസതന്ത്രമായിരുന്നു എന്നത് രസാവഹമായ വസ്തുതയാണ്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം കുറേക്കാലം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.
1954 ല്‍ മാതൃഭൂമി നടത്തിയ കഥാ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായത് എംടിയുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചെറുകഥയാണ്. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായിരുന്നു അത്. അദേഹത്തിന്‍രെ 'വളര്‍ത്തു മൃഗങ്ങള്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നു. ഇതോടെ മലയാളത്തിന്റെ സാഹിത്യനഭസില്‍ എംടി എന്ന രണ്ടക്ഷര നക്ഷത്രം ഉദിച്ചുയര്‍ന്നു.
തൊട്ടുപിന്നാലെ പാതിരാവും പകല്‍വെളിച്ചവും എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ 1958 ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ടാണ്. ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുര നടയില്‍ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
എംടിയുടെ സാഹിത്യ സംഭാവനകളിലെ ഏറ്റവും പ്രസിദ്ധമായ പുസ്തകങ്ങളില്‍ കാലത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. ദീര്‍ഘകാലം മാതൃഭൂമിയുടെ പീരിയോഡിക്കല്‍സ് എഡിറ്ററായി ജോലി ചെയ്തിരുന്ന അദേഹം നിരവധി എഴുത്തുകാരെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.
1999 ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്ത് നിന്നും വിരമിച്ചു. 1995 ലെ ജ്ഞാനപീഠ പുരസ്‌കാരവും അദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 1996 ല്‍ കാലിക്കറ്റ് സര്‍വകലാശാല അദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. 2005 ല്‍ പത്മഭൂഷണ്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ ആദരം. കേരള സാഹിത്യ അക്കാഡമിയുടെ അധ്യക്ഷനായിരുന്നു. പിന്നീട് തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വള്ളുവനാടിന്റെയും നിളയുടെയും കഥാകാരന്‍ കൂടിയാണ് എം.ടി വാസുദേവന്‍ നായര്‍. വറ്റിവരണ്ട് നീര്‍ച്ചാലു പോലെയായി മാറിയ ഭാരതപ്പുഴയെയും അതിന്റെ ചുറ്റുമുള്ള ജനപഥങ്ങളെയും കുറിച്ചുള്ള പരിസ്ഥിതി വിഷയകമായ ലേഖനങ്ങള്‍ കൂടി ഉള്‍പ്പെട്ട കണ്ണാന്തളി പൂക്കളുടെ കാലം എന്ന പുസ്തകം എടുത്തു പറയേണ്ടതാണ്. നോവലിസ്റ്റ്, കഥാകൃത്ത്, എന്നിവയില്‍ നിന്നും മാറി തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി.
സങ്കീര്‍ണമായ മനുഷ്യാവസ്ഥകള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും അഭ്രപാളികളില്‍ എംടി നല്‍കിയ രംഗഭാഷ പലപ്പോഴും മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് അദേഹം ചലച്ചിത്ര ലോകത്തേക്ക് വന്നത്. ഏറെ ശ്രദ്ധേയമായ നിര്‍മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിച്ചിട്ടുണ്ട്.
ആ രചനാ വൈഭവത്തിന് അദ്ദേഹത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നാല് തവണയാണ് ലഭിച്ചത്. ഒരു വടക്കന്‍ വീരഗാഥ 1989, കടവ് 1991, സദയം 1992, പരിണയം 1994 എന്നിവയ്ക്കാണ് അദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. ലാറ്റിനമേരിക്കന്‍ കഥാകാരനായിരുന്ന വിശ്വ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനെ കുറിച്ച് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആദ്യത്തെ ആളുകളില്‍ ഒരാളാണ് എംടി. അദേഹത്തിന്റെ മഹോന്നത കൃതിയായ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെക്കുറിച്ച് വളരെക്കാലം മുന്‍പേ തന്നെ എംടി എഴുതിയിരുന്നു.
മറ്റൊരു വിശ്വസാഹിത്യകാരനായിരുന്ന ഏണസ്റ്റ് ഹെമിങ് വേയെക്കുറിച്ച് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പഠിച്ചിട്ടുള്ള ആളുകളില്‍ ഒരാളാണ് എംടി. ഹെമിങ് വേയുടെ എല്ലാ കൃതികളും വായിച്ച് അദ്ദേഹത്തെ കുറിച്ച് ഹെമിംഗ്വേ ഒരു മുഖവുര എന്ന പുസ്തകവും എംടി എഴുതുകയുണ്ടായി. ഹെമിംഗ് വേയുടെ വിളിപ്പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂത്തമകള്‍ സിത്താരയ്ക്ക് പാപ്പ എന്ന വിളിപ്പേരിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹിത്യ ചലനങ്ങളെയും നവീനങ്ങളായ പുസ്തകങ്ങളെയും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്ന എംടി ഒട്ടനവധി ശ്രദ്ധേയമായ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസാധകരുടെയും വിവര്‍ത്തകരുടെയും ശ്രദ്ധയില്‍പ്പെടുത്തി. മലയാള സാഹിത്യം എന്ന നാലുകെട്ടിന്റെ പെരുന്തച്ചനായ എംടിയുടെ നവതി കേരളം ഒരു മഹാ ആഘോഷമായാണ് കൊണ്ടാടിയത്. മലയാള ഭാഷയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ജനപ്രീതി നേടിയ പുസ്തകമായ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനായി കാത്തിരിക്കവേയാണ് അദേഹത്തിന്റെ വേര്‍പാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.