ന്യൂഡല്‍ഹി: കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളജുകളും ഇന്ത്യന്‍ സ്ഥാപനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. ഇതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
ഗുജറാത്തില്‍ നിന്നുള്ള നാലംഗ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19 ന് കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് പേരും കൊടും തണുപ്പിനെ തുടര്‍ന്ന് മരിച്ചത്.
സംഭവത്തില്‍ മുഖ്യപ്രതിയായ ഭവേഷ് അശോക് ഭായ് പട്ടേലിനും മറ്റു ചിലര്‍ക്കും എതിരെ അഹമ്മദാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് കള്ളപ്പണമിടപാട് സംബന്ധിച്ചും പരാതിയുള്ളത്.
വലിയൊരു റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകളെ കണ്ടെത്തി കാനഡയിലുള്ള കോളജുകളിലും സര്‍വ്വകലാശാലകളിലും അഡ്മിഷന്‍ ഏര്‍പ്പാട് ചെയ്യുന്നതാണ് ആദ്യഘട്ടം.
തുടര്‍ന്ന് സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ ഇവരെ എത്തിക്കും. പിന്നീട് കോളജുകളില്‍ ചേരുന്നതിന് പകരം നിയമ വിരുദ്ധമായി യുഎസിലേക്ക് കടക്കുകയാണ് ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
ഇത്തരത്തില്‍ പോകുന്ന ഒരാളില്‍ നിന്ന് 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡിസംബര്‍ 10, 19 തിയതികളിലായി മുംബൈ, നാഗ്പുര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് റെയ്ഡ നടത്തിയതായി ഇ.ഡി.അറിയിച്ചു.
മുംബൈയിലും നാഗ്പൂരിലും നടത്തിയ റെയ്ഡില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നതിന് 'കരാര്‍' ഉണ്ടാക്കിയതായി ഇ.ഡി കണ്ടെത്തി. ഓരോ വര്‍ഷവും ഏകദേശം 35,000 ത്തോളം വിദ്യാര്‍ഥികളെ ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ കോളജുകളിലേക്ക് റഫര്‍ ചെയ്തതായാണ് കണ്ടെത്തല്‍.
ഈ റാക്കറ്റില്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് മാത്രം ഏകദേശം 1,700 ഓളം ഏജന്റുമാരുണ്ട്. ഇന്ത്യയിലുടനീളം 3,500 ഏജന്റുമാരുണ്ടന്നും അതില്‍ 800 ഓളം പേര്‍ സജീവമാണെന്നും കണ്ടെത്തിയതായി ഇ.ഡി പറയുന്നു.
കാനഡയിലെ 150 കോളജുകള്‍ ഒരു സ്ഥാപനവുമായും 112 കോളജുകള്‍ മറ്റൊരു സ്ഥാപനവുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതായും ഇ.ഡി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ പങ്കാളിയായ 262 കോളജുകളും യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം പ്രവര്‍ത്തിക്കുന്നവയാണെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.