കാസർകോട് : ആറ് വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരനാണ് ഒന്നാം പ്രതി. 24 പേർ പ്രതിപ്പട്ടികയിലുണ്ട്.
നേതാക്കളായ എട്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സാധാരണ പ്രവർത്തകർ ഇതുവരെയും ഒരിക്കൽപ്പോലും ജയിലിൽ നിന്ന് പുറത്തുവന്നിട്ടില്ല. ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ നടപടി തുടങ്ങും മുൻപേ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. രണ്ട് വർഷത്തോളം നീണ്ട വിചാരണയാണ് സിബിഐ കോടതിയിൽ നടന്നത്.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായത് വിവാദമായിരുന്നു.
കാസർകോട് ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം നടന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.