മെല്‍ബണ്‍: സമനില പ്രതീക്ഷ നല്‍കിയ ശേഷം അവസാന സെഷനില്‍ കളി കൈവിട്ടതോടെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 155 റണ്‍സില്‍ അവസാനിച്ചു. 184 റണ്‍സ് ജയത്തോടെ ഓസീസ് പരമ്പരയില്‍ മുന്നിലെത്തി (2-1).
മൂന്നിന് 121 റണ്‍സെന്ന നിലയില്‍ നിന്നാണ് അവസാന സെഷനില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. അവസാന ഏഴു വിക്കറ്റുകള്‍ വെറും 34 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെ.എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായ ഇന്ത്യയ്ക്ക് നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ - ഋഷഭ് പന്ത് സഖ്യം ക്രീസില്‍ ഉറച്ചുനിന്ന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.
88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്ത് പുറത്താകുന്നത്. 104 പന്തുകള്‍ ക്ഷമയോടെ നേരിട്ട് രണ്ട് ബൗണ്ടറികള്‍ മാത്രം നേടി 30 റണ്‍സെടുത്ത പന്ത് പെട്ടെന്ന് പ്രതിരോധ പാഠങ്ങള്‍ മറന്നു പോയി. അതോടെ തകര്‍ച്ചയും തുടങ്ങി. ഇവര്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടക്കാനായത്.
പിന്നാലെ അതിവേഗം രവീന്ദ്ര ജഡേജയേയും (2), ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ കാത്ത നിതീഷ് കുമാര്‍ റെഡ്ഡിയേയും (1) പുറത്താക്കി ഓസീസ് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വൈകാതെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജയ്‌സ്വാളിനെ വീഴ്ത്തി കമ്മിന്‍സ് കാര്യങ്ങള്‍ എളുപ്പമാക്കി. വിവാദമായ ഡിആര്‍എസ് തീരുമാനത്തിലായിരുന്നു ജയ്‌സ്വാളിന്റെ മടക്കം. കമ്മിന്‍സിന്റെ പന്തില്‍ ക്യാച്ചിന് വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ സ്‌നിക്കോ മീറ്ററില്‍ പന്ത് താരത്തിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയതായി തെളിഞ്ഞില്ല. പക്ഷേ പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് ടിവി അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധം അറിയിച്ചാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്താണ് താരം മടങ്ങിയത്. ജയ്സ്വാള്‍ മടങ്ങിയതോടെ ഓസീസ് വിജയം ഉറപ്പിച്ചിരുന്നു.
പിന്നാലെയെത്തിയ ആകാശദീപ് 17 പന്തുകള്‍ പിടിച്ചുനിന്ന് ഏഴു റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ബുംറയേയും സിറാജിനെയും മടക്കി ഓസീസ് വിജയം പൂര്‍ത്തിയാക്കി. ഓസീസ് വിജയം ആഘോഷിക്കുമ്പോള്‍ 45 പന്തുകളില്‍ നിന്ന് അഞ്ചു റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേഥന്‍ ലയണ്‍ രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറ് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234 ല്‍ നില്‍ക്കേ നേഥന്‍ ലയണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലയണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലയണ്‍-ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് നേഥന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു.
നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. 139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.