കേരളത്തിന്റെ ആവശ്യത്തിന് അം​ഗീകാരം; വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്ര സർക്കാർ

കേരളത്തിന്റെ ആവശ്യത്തിന് അം​ഗീകാരം; വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽപെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കത്തിൽ പരാമർശമില്ല. ദുരന്തത്തെ നേരിടാനാവശ്യമായ ഫണ്ട് ഇതിനോടകം എസ്ഡിആർഎഫ് മുഖേന കൈമാറിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

നാടിനെ നടുക്കിയ ചൂരൽമല - മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. 2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.