ഷാർജ: പുതുവർഷത്തെ വരവേൽക്കാൻ എമിറേറ്റ് പൂർണസജ്ജമാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി സമഗ്ര ഗതാഗത സുരക്ഷാപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രധാന ആഘോഷവേദികളും കരിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് പട്രോളിങ് ശക്തമാക്കുമെന്ന് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ - ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൗർ പറഞ്ഞു.
24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിന് ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമെന്നും അദേഹം പറഞ്ഞു. ഷാർജ മുനിസിപ്പാലിറ്റി, ഷാർജ ഇലക്‌ട്രിസിറ്റി-വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (എസ്.ഇ.ഡബ്ലിയു.ജി.എ), ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പൊർട്ട് അതോറിറ്റി, റാഫിദ് വെഹിക്കിൾ സൊല്യൂഷൻസ് കമ്പനി (ആർ.വി.എസ്.സി) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അതേസമയം പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. ഈ മേഖലയിലെ ജീവനക്കാർക്ക് 2025ലെ ആദ്യത്തെ അവധിയായിരിക്കും ജനുവരി ഒന്ന്. ജനുവരി രണ്ടാം തീയതി പ്രവൃത്തി ദിനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ജനുവരി ഒന്നിന് യുഎഇയിൽ സർക്കാർ - സ്വകാര്യ മേഖലയ്ക്ക് പൊതു അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും ലഭിക്കുക. യുഎഇ മാനവ വിഭവശേഷി എമിറൈറ്റേസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുക. വിവിധ കലാ- സാംസ്കാരിക പരിപാടികൾക്കൊപ്പം കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. രാജ്യത്തെ പ്രവാസി സംഘടനകളും പുതുവത്സരത്തിൻ്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.