വയനാട് പുനരധിവാസം: സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും; തുടര്‍ സഹായ സാധ്യതകളും തേടും

വയനാട് പുനരധിവാസം: സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും; തുടര്‍ സഹായ സാധ്യതകളും തേടും

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസത്തിനായി സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും.

പ്രതിപക്ഷവും കര്‍ണാടക സര്‍ക്കാരും ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ തുടര്‍ സഹായ സാധ്യതകള്‍ തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി നേരിട്ട് കാണും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്‌ഐ പ്രതിനിധികള്‍ അടക്കം എല്ലാവര്‍ക്കും ക്ഷണമുണ്ട്. ഒരു വീട് വാഗ്ദാനം ചെയ്തവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കൂടിക്കാഴ്ച.

കേന്ദ്ര സര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സഹായം ലഭിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും.

യു.എന്‍ അടക്കമുള്ള വിദേശ സംഘടനകളില്‍ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.