കൊച്ചി: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നാണ് കോടതിയുടെ സുപ്രധാന നിര്‍ദേശം.
ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സിംഗില്‍ ബെഞ്ച് ഉത്തരവ് ശരി വെച്ച് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.
എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണം. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്.
തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം കാണിക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടണം. രോഗികളുടെ അവകാശങ്ങള്‍, പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം.
പരാതി സ്വീകരിച്ചാല്‍ രസീതോ, എസ്.എം.എസോ നല്‍കണം. ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണം. പരിഹരിക്കപ്പെടാത്ത പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.