സിഡ്നി: പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം വരവേറ്റത്. പുതുവര്‍ഷത്തിന്റെ വരവ് ആഘോഷിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ സിഡ്നി നഗരം പുതുവര്‍ഷത്തെ വരവേറ്റു. വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജില്‍ നടന്ന കൂറ്റന്‍ വെടിക്കെട്ടോടെയാണ് സിഡ്നി പുതുവര്‍ഷത്തെ എതിരേറ്റത്. ഒന്‍പത് ടണ്‍ കരിമരുന്നാണ് കാണികളുടെ കണ്ണിന് കുളിരേകി ഇവിടെ കത്തിയമര്‍ന്നത്. പത്ത് ലക്ഷത്തോളം ജനങ്ങള്‍ ഈ പുതുവര്‍ഷ വരവേല്‍പ്പിന് സാക്ഷ്യം വഹിക്കാനെത്തി. മെല്‍ബണിലെ യാറ നദിയുടെ തീരത്തേക്കും വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തി.
വീആര്‍ വാരിയേഴ്സ് എന്ന വെടിമരുന്ന് നിര്‍മ്മാതാക്കളാണ് കരിമരുന്ന് പ്രയോഗം നടത്തിയതെന്ന് സിഡ്നി നഗരത്തിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ കുറിച്ചിട്ടുണ്ട്. ബരന്‍ഗാരൂ എന്ന ഓസ്ട്രേലിയയിലെ തദ്ദേശ മുക്കുവ സ്ത്രീ സമൂഹത്തിന്റെ ആത്മാക്കളോടുള്ള ആദരമാണ് ഈ വെടിക്കെട്ട്. സിഡ്നി തുറമുഖത്തിന്റെ ജലപാതകളുമായി ആഴത്തില്‍ ബന്ധമുള്ള സ്ത്രീ സമൂഹമാണിത്.
പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് ഒരു മിനിറ്റ് മുമ്പാരംഭിച്ച വെടിക്കെട്ട് 20 മിനിറ്റോളം നീണ്ടു. ഓസ്ട്രേലിയയുടെ സമ്പന്ന വൈവിധ്യത്തിന്റെ വിളംബരം കൂടിയായി ഈ വെടിക്കെട്ട്. പിന്നീട് 12 മിനിറ്റ് നീണ്ട മറ്റൊരു വെടിക്കെട്ട് കൂടി അരങ്ങേറി. ആകാശത്തേക്ക് ഉയര്‍ന്ന് പൊട്ടുന്ന പതിനായിരക്കണക്കിന് കൂറ്റന്‍ വെടിക്കെട്ടുകള്‍ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്.
സിഡ്നി ഹാര്‍ബര്‍ പാലത്തിലും നിന്നും സിഡ്നി ഓപ്പേറ ഹൗസില്‍ നിന്നും ഇത് വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കെത്തുന്നവര്‍ക്ക് പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
സിഡ്നിയില്‍ നല്ല കാലാവസ്ഥയായിരുന്നെങ്കിലും ക്വീന്‍സ്ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ആഘോഷങ്ങളുടെ പ്രഭ കുറച്ചു. ക്വീന്‍സ്ലന്‍ഡിലെ പ്രശസ്തമായ നീന്തല്‍ കേന്ദ്രങ്ങളില്‍ രണ്ട് സ്ത്രീകള്‍ ഇന്നലെ മുങ്ങിമരിച്ചതും ആഘോഷങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി.
ബ്രിസ്ബെയ്‌നില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറ് മാറിയുള്ള കിംഗ്റോയിയില്‍ കനത്ത മഴയില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. അതേസമയം, വിക്‌ടോറിയയുടെ പ്രാദേശിക മേഖലകളില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്.
സിഡ്നിയിലെ കരിമരുന്ന് പ്രകടനമാണ് ലോക ശ്രദ്ധ നേടുന്നതെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. ബ്രിസ്‌െബയ്‌നിലും അഡ്ലെയ്ഡിലും പെര്‍ത്തിലും വലിയ തോതില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.