അനില്‍ അംബാനിയുടെ കമ്പനിയില്‍ കെഎഫ്‌സി 60 കോടി നിക്ഷേപിച്ചു: തിരികെ കിട്ടിയത് ഏഴ് കോടിയെന്ന് വി.ഡി സതീശന്‍; നിഷേധിച്ച് തോമസ് ഐസക്

അനില്‍ അംബാനിയുടെ കമ്പനിയില്‍ കെഎഫ്‌സി 60 കോടി നിക്ഷേപിച്ചു: തിരികെ കിട്ടിയത് ഏഴ് കോടിയെന്ന് വി.ഡി സതീശന്‍; നിഷേധിച്ച് തോമസ് ഐസക്

തിരുവനന്തപുരം: കെഎഫ്‌സിക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുച്ചൂടും മുങ്ങാന്‍ പോകുന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടിയുടെ നിക്ഷേപമാണ് കെഎഫ്‌സി നടത്തിയത്.

ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്യാതെ 2018 ല്‍ ആയിരുന്നു നടപടി. 2019 ല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്തു.പലിശ ഉള്‍പ്പെടെ കെഎഫ്‌സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി.എന്നാല്‍ കിട്ടിയത് ഏഴ് കോടി മാത്രമാണെന്നും അദേഹം പറഞ്ഞു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്‌സി. ഈ പണമാണ് അംബാനിക്ക് നല്‍കിയത്. ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. കൈകൂലി വാങ്ങി സര്‍ക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത്.

കെഎഫ്‌സിയുടെ ഉദ്ദേശ ലക്ഷ്യം തന്നെ ആട്ടിമറിച്ചാണ് നിക്ഷേപം നടത്തിയത്. സ്ഥാപനത്തിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍, ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ തട്ടിപ്പാണിത്. മൂന്ന് വര്‍ഷം നിക്ഷേപ വിവരം മറച്ചു വെച്ചു.

2021-22 വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രമാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്. അതിനു മുമ്പുള്ള രണ്ട് വര്‍ഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊടുത്തത്. ഇടപാടിന് പിന്നില്‍ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്നാല്‍ വി.ഡി സതീശന് മറുപടിയുമായി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. റേറ്റിങിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സില്‍ പണം നിക്ഷേപിച്ചത്.

ചട്ടങ്ങളെല്ലാം പൂര്‍ണമായും പാലിച്ചിട്ടുണ്ട്. അദേഹം പറഞ്ഞു. ആക്ഷേപങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

2018 ലെ നിക്ഷേപത്തിന് 52 ശതമാനം ലഭിച്ചാല്‍ പോരെന്നും പ്രതിപക്ഷ നേതാവ് പറയുന്നതനുസരിച്ച് 101 കോടിയെങ്കിലും ലഭിക്കേണ്ടേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിസിനസില്‍ അങ്ങിനെയൊക്കെയുണ്ടാകുമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.