ന്യൂഡല്‍ഹി: കാപ്പിക്കുരു കയറ്റുമതി മേഖലയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. നവംബര്‍ വരെയുള്ള കണക്കുപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാപ്പി കയറ്റുമതി ഒരു ബില്യണ്‍ ഡോളര്‍ കടന്നു. 2024 ഏപ്രില്‍-നവംബര്‍ മാസത്തിനിടെ രേഖപ്പെടുത്തിയ കയറ്റുമതിയുടെ കണക്കാണിത്. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനമാണ് വര്‍ധനവ്. ഇതാദ്യമായാണ് കാപ്പി കയറ്റുമതി ഒരു ബില്യണ്‍ ഡോളര്‍ പിന്നിടുന്നതെന്ന സവിശേഷതയും ഉണ്ട്.
റോബസ്റ്റ കാപ്പിയുടെ വിലവര്‍ദ്ധനവും യൂറോപ്യന്‍ കച്ചവടക്കാര്‍ തന്ത്രപരമായി സ്റ്റോക്ക് ചെയ്യുന്നതും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂട്ടാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ നിയമത്തിന് യൂറോപ്യന്‍ കച്ചവടക്കാര്‍ തയ്യാറെടുക്കുന്നതിനാല്‍ കാപ്പിയുടെ ചെലവ് വര്‍ധിക്കുന്നതിനൊപ്പം യൂറോപ്യന്‍ യൂണിയനിലേക്കുള്ള മറ്റ് കാര്‍ഷിക വിളകളുടെ ഇറക്കുമതിയും ഉയര്‍ന്നു.
ആഗോള ഉല്‍പാദനത്തിന്റെ 40 ശതമാനത്തിലധികം റോബസ്റ്റ കോഫിയാണ്. ഇതിന്റെ വിലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രേഖപ്പെടുത്തുന്നത്. 2024ല്‍ മാത്രം 63 ശതമാനം വില വര്‍ദ്ധനവ് രേഖപ്പെടുത്തി. വിയറ്റ്‌നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സപ്ലൈ പലകാരണങ്ങളാല്‍ തടസപ്പെട്ടതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉയരാന്‍ കാരണമായി.
ഉയര്‍ന്ന താപനിലയും വരള്‍ച്ചയും കാരണം ബ്രസീലിലെ അറബിക, റോബസ്റ്റ ബീന്‍സുകളുടെ വിളവ് കുറഞ്ഞിരുന്നു. തല്‍ഫലമായി ബ്രസീലില്‍ നിന്നുള്ള കോഫീ ബീന്‍സ് കയറ്റുമതിയും ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉല്‍പാദകരില്‍ രണ്ടാമതാണ് വിയറ്റ്‌നാം, ഇവിടെയും കാപ്പിയുടെ ഉത്പാദനം കുറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ കര്‍ണാടക, കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോഫിയുടെ രണ്ട് പ്രധാന വകഭേദങ്ങളായ അറബികയും റോബസ്റ്റയും ഉല്‍പാദിപ്പിക്കുന്നതില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വെല്ലുവിളികളെ അതിജീവിച്ച് കോഫി ഉല്‍പാദിപ്പിക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ ലോകത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പാദകരുമായി നേരിട്ട് മത്സരം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.