ഗാസ: ഗാസയിലെ ഇസ്രയേലിന്റെ ആക്രമണം ലൈവായി റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്തി പാലസ്തീന്‍ സര്‍ക്കാര്‍. വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്നതിനാണ് വിലക്ക്.
വെസ്റ്റ് ബാങ്കിനെ ഹമാസിന്റെ അധീനതയില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കാനുള്ള ഇസ്രയേല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന പാലസ്തീന്‍ സര്‍ക്കാര്‍ സുരക്ഷാ വിഷയങ്ങളില്‍ ഇസ്രയേലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട്.
ജെനീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ വിരുദ്ധ സായുധ സൈനികരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പാലസ്തീന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്ന് വ്യക്തമാക്കി വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അല്‍ ജസീറയെ വിലക്കിയത്.
കഴിഞ്ഞ വര്‍ഷം വെസ്റ്റ്ബാങ്കിലെ അല്‍ ജസീറയുടെ ഓഫീസ് ഇസ്രയേല്‍ റെയ്ഡ് ചെയ്ത് മാധ്യമത്തിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നതായി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രത്യേക നിയമവും പാസാക്കി.
പാലസ്തീനില്‍ ഹമാസ് തീവ്രവാദികളെ ചാനല്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ നടപടി ആരംഭിച്ചത്. പുതിയ നിയമം വഴി വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സര്‍ക്കാരിന്റെ കരങ്ങളിലെത്തി.
പാര്‍ലമെന്റില്‍ പത്തിനെതിരെ എഴുപത് വോട്ടുകള്‍ക്കാണ് നിയമം പാസായത്. ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ അല്‍ ജസീറ പങ്കാളികളാണെന്നും അല്‍ ജസീറ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ഇതിനു പിന്നാലെ നെതന്യാഹു എക്‌സില്‍ കുറിച്ചിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകര്‍ ഹമാസിന്റെ ഭാഗമായവരാണെന്ന് ഇസ്രയേല്‍ ഔദ്യോഗിക പ്രസ്താവനയും ഇറക്കിയിരുന്നു. ഹമാസ് അനുകൂല വാര്‍ത്തകളാണ് ചാനല്‍ നല്‍കുന്നതെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.