ന്യൂഡല്‍ഹി: ബംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ച  രണ്ട് മാസം പ്രായമുള്ള കുഞ്ഞ് അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
നേരത്തെ ബംഗളുരുവില്‍ എട്ട് മാസവും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
എന്നാല്‍ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേ മുതല്‍ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്എംപിവി. രോഗം സ്ഥിരീകരിച്ച മൂന്ന് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തതിനാല്‍ തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യ വകുപ്പ്. അതേസമയം രാജ്യത്ത് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രോഗത്തെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മരുന്നുകള്‍ കരുതണമെന്നും ഐസൊലേഷന്‍ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. 
ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാന്‍ തയ്യാറാകണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദേശമുണ്ട്. 
സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍, ലാബ് സ്ഥിരീകരിച്ച ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാല്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (ഐഎച്ച്‌ഐപി) പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.