ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരം കടുപ്പിച്ച് എൽജിഎസ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധി റിജു, ഉദ്യോഗാർത്ഥികളായ ബിനീഷ്, മനു എന്നിവരാണ് സമരം നടത്തുന്നത്. സി.പി.ഒ റാങ്ക് ജേതാക്കളും ഇന്നു മുതൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് സമരത്തിന്റെ രൂപം മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലേയ്ക്ക് കടന്നത്. സർക്കാരിന്റെ നടപടി നിരാശാജനകമെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. നിയമനക്കുറവ് പരിഹരിക്കാമെന്ന വാഗ്ദാനമടക്കം സർക്കാർ പാലിച്ചില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

ഇരുപത്തിയെട്ട് ദിവസം സമരം ചെയ്തിട്ടും സർക്കാർ ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. അതുകൊണ്ട് സമരം ഇനിയും തുടരും. കഴിഞ്ഞ ശനിയാഴ്ച പരീക്ഷയെഴുതിയവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സമരമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗതല ചർച്ചയിൽ ചില സുപ്രധാന ആവശ്യങ്ങൾ ഉദ്യോഗാർത്ഥികൾ മുന്നോട്ടുവച്ചിരുന്നു. മന്ത്രിതലത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല. തീരുമാനം വൈകുന്ന സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ ഉദ്യോഗാർത്ഥികൾ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് സമരം ഒത്തു തീർപ്പിലെത്തിക്കാനുള്ള ശ്രമം ലാസ്റ്റ് ഗ്രേഡുകാർ നടത്തിയെങ്കിലും തീർത്തും അവഗണനാപരമായ നിലപാടാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സംസ്ഥാന നേതാവ് ലയാ രാജേഷ് പറഞ്ഞു. തങ്ങളുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇത് സർക്കാർ ഉത്തരവായി ഇറക്കാമെന്നും ഉദ്യോഗസ്ഥതല ചർച്ചയിൽ ഉറപ്പ് നൽകിയെങ്കിലും അതു പാലിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് കടുത്ത സമരത്തിലേക്കു നീങ്ങുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

ഇത്തരത്തിൽ ഉത്തരവിറങ്ങുമെന്ന് മന്ത്രി എ.കെ.ബാലനും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. സമരത്തെ തുടർന്ന് താത്കാലിക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സർക്കാർ നിറുത്തിവയ്ക്കുകയും പുതിയ തസ്തിക സൃഷ്ടിക്കുന്നതടക്കം സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യുമെന്ന നിലപാടും സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായ നടപടികളൊന്നും ഉണ്ടായില്ല. പുതിയ തസ്തിക സൃഷ്ടിക്കുകയല്ല നിലവിലെ 3200 ഒഴിവുകളിലേക്ക് നിയമനം നടത്തിയാൽ മതിയെന്നതായിരുന്നു സി.പി.ഒ റാങ്ക് ലിസ്റ്റുകാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസിൽ സർക്കാർ അനുകൂല നിലപാടെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം യുവജന വഞ്ചനയ്ക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ  സെക്രട്ടറിയേറ്റിന്  മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തി വന്ന  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനെയും വൈസ് ‌പ്രസിഡന്റ്   കെ എസ്‌ ശബരീനാഥനെയും ഇന്നലെ വൈകുന്നേരത്തോടു കൂടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.