തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച കരാറിന്റെ ഒരു ഭാഗം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ റദ്ദ് ചെയ്തിട്ടുള്ളുവെന്നും ഇഎംസിസിയും കെഎസ്‌ഐഡിസിയും തമ്മിലുള്ള ധാരണാപത്രവും ഇഎംസിസിക്ക് നാല് ഏക്കര്‍ നല്‍കാനുള്ള ഉത്തരവും റദ്ദാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അസെന്റില്‍ ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ല. ഇഎംസിസിക്ക് ആലപ്പുഴ പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചതും റദ്ദാക്കാത്ത സര്‍ക്കാര്‍ മല്‍സ്യനയത്തില്‍ വരുത്തിയ മാറ്റവും പുനഃപരിശോധിച്ചിട്ടില്ല. ഏതു സമയത്തും പദ്ധതി പുനരാരംഭിക്കാന്‍ വേണ്ടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
2018 മുതല്‍ ഗൂഢാലോചന നടന്നു. ഇഎംസിസിയുമായി ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ദിവസവും ഓരോ കള്ളം പറയുകയാണ്. മറ്റു ചില വന്‍ കുത്തകകള്‍ക്കും ഇതില്‍ പങ്കുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ പങ്കും തള്ളികളയാനാകില്ല. കരാര്‍ സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം തൃപ്തികരമല്ല.
മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്ന കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ധാരണാപത്രത്തിന് ആറ് മാസമേ കാലാവധിയുള്ളൂ എന്ന കെഎസ്‌ഐഡിസിയുടെ വാദം തെറ്റാണ്. അതിപ്പോഴും നിലനില്‍ക്കുകയാണ്. ഏതു സമയത്തും പദ്ധതി പുനരാരംഭിക്കാനാകും. പദ്ധതിക്കു പിന്നില്‍ ഇഎംസിസി മാത്രമല്ല, മറ്റു ചില കുത്തക കമ്പനികളുമുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനികളും പദ്ധതിക്കു പിന്നിലുണ്ടെന്നു സംശയമുണ്ട്.
പള്ളിപ്പുറത്തെ ഫാക്ടറിയില്‍ നിന്ന് കുത്തക കമ്പനികളുടെ സ്റ്റോറേജിലേക്കാണ് സംസ്‌കരിച്ച മത്സ്യം പോകുന്നത്. മത്സ്യത്തൊഴിലാളികളെ പറ്റിച്ച് കോടികളുടെ ലാഭമുണ്ടാക്കാനാണ് പദ്ധതി. ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി സര്‍ക്കാര്‍ ജനങ്ങളോടു മാപ്പു പറയണമെന്നും രമേശ് ആവശ്യപ്പെട്ടു. 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സുപ്രീം കോടതിയില്‍ ലാവ്ലിന്‍ കേസ് വീണ്ടും മാറ്റാനുള്ള നീക്കം സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. പുതുച്ചേരിയിലെ അട്ടിമറി ജനാധിപത്യ വിരുദ്ധമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.