തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; 16 പേരെ കാണാനില്ല

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; 16 പേരെ കാണാനില്ല

ന്യൂഡല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലി പട്ടാളത്തില്‍ എത്തിപ്പെട്ട ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇതുവരെ 126 ഇന്ത്യക്കാര്‍ റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്നതായും ഇതില്‍ 96 പേരെ തിരിച്ചെത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 18 പേര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തില്‍ തുടരുകയാണ്. ഇവരില്‍ 16 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ല. ഇവരെ കാണാനില്ലെന്നാണ് നിഗമനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

റഷ്യന്‍ കൂലി പട്ടാളത്തിന്റെ ഭാഗമാകുകയും പിന്നീട് ഉക്രെയ്ന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒരാഴ്ച മുമ്പാണ് ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയ്ന്‍ കുര്യനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്‌കോയില്‍ ചികിത്സയിലാണ്.

ബിനിലിന്റെ മരണത്തില്‍ അനുശോചനമറിയിച്ച വിദേശകാര്യ മന്ത്രാലയം മൃതദേഹം നാട്ടിലെത്തിക്കാനായി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നും വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.