ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് രോഹിത് ശര്‍മയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടം നേടിയില്ല.
അതേസമയം മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രാഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)ന്‍ ആണെന്ന ആരോപണവുമായി ശശി തരൂര്‍ എംപി രംഗത്തെത്തി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാംപില്‍ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു കെസിഎയെ അറിയിച്ചിരുന്നു. പിന്നീട് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് കെസിഎക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല.
വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ 56.66 ബാറ്റിങ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തതെന്നും ശശി തരൂര്‍ എക്സിലെ പോസ്റ്റില്‍ പങ്കുവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.