അനശ്ചിതത്വം അവസാനിച്ചു; ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ വിവരങ്ങള്‍ കൈമാറി ഹമാസ്

അനശ്ചിതത്വം അവസാനിച്ചു; ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ വിവരങ്ങള്‍ കൈമാറി ഹമാസ്

ടെല്‍ അവീവ്: അവസാന നിമിഷം ഉടലെടുത്ത അനിശ്ചിതത്വത്തിനൊടുവില്‍ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്.

ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറാതിരുന്നതിനെ തുടര്‍ന്ന് ഇസ്രയേല്‍ കരാറില്‍ നിന്ന് രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര്‍ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ നടപ്പാകുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പും ഹമാസ് ബന്ദികളുടെ പേരുകള്‍ നല്‍കാതിരുന്നതിനാല്‍ ഇസ്രയേല്‍ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇക്കാരണത്താല്‍ നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

വെള്ളിയാഴ്ച ആറ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്‍കിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നല്‍കിയിരുന്നു. മൂന്ന് ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും.

പകരം 1904 പാലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കും. ആദ്യ ദിവസം മൂന്ന് സ്ത്രീ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്. ഏഴാം ദിവസം നാല് പേരെയും. തുടര്‍ന്നുള്ള അഞ്ച് ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.

ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബഫര്‍ സോണിലേക്ക് പിന്‍വാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പാലസ്തീന്‍കാര്‍ക്കു മടങ്ങിപ്പോകാനാകും. ഒന്നാം ഘട്ടം 16 ദിവസം പിന്നിട്ടു കഴിഞ്ഞ് വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം ചര്‍ച്ച ചെയ്തു തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.