ജന്മാവകാശ പൗരത്വം; ട്രംപിന്റെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍

ജന്മാവകാശ പൗരത്വം; ട്രംപിന്റെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിയതിനെതിരെ രാജ്യത്തെ 22 സംസ്ഥാനങ്ങള്‍.

പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. ഇതിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നു കഴിഞ്ഞു.

നിയമം വഴി നിലവില്‍ വന്നതും ഭരണഘടനയുടെ ഭാഗവുമായ ഒരു സംവിധാനത്തെ വെറുമൊരു ഉത്തരവിലൂടെ ഇല്ലാതാക്കാനാകില്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഉത്തരവിറക്കാന്‍ പ്രസിഡന്റിന് അധികാരമുള്ളപ്പോഴും അവര്‍ രാജാക്കന്മാരല്ല എന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്.

22 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലുകള്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ട്രംപ് അധികാരമേറ്റ് ആദ്യ ദിവസം തന്നെ രാജ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പുകഞ്ഞു തുടങ്ങിക്കഴിഞ്ഞു. അതേസമയം നിലപാടില്‍ നിന്ന് പിന്നാക്കമില്ലെന്ന് സൂചിപ്പിച്ചാണ് ട്രംപ് മുന്നോട്ടു പോകുന്നത്.

ഇതു കൂടാതെ അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച പല എക്സിക്യൂട്ടീവ് ഉത്തരവുകള്‍ക്കെതിരെയും അമേരിക്കന്‍ കോടതികളില്‍ നിയമ പോരാട്ടമുണ്ടാകുമെന്നതിന്റെ സൂചനയാണ് പുറത്തു വരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.