കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ചില ഗ്രൂപ്പുകളും വ്യക്തികളും തെറ്റിദ്ധാരണ പരത്തും വിധം ചില വിഷയങ്ങളില്‍ ധാരണയായെന്ന തരത്തില്‍ നടത്തുന്ന പ്രസ്താവന ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുന്നതിനും പരസ്പര വിശ്വാസം വളര്‍ത്തുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും വേണ്ടിയാണ്. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി ആലോചിച്ചതിന് ശേഷം മാത്രം അറിയിക്കുന്നതാണ് എന്ന നിലപാട് മാര്‍ ജോസഫ് പാംപ്ലാനി തുടക്കം മുതല്‍ എല്ലാവരേയും അറിയിച്ചിട്ടുള്ളതാണ്.
എന്നാല്‍ ഇത്തരം പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതിനും ചര്‍ച്ചകളെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നത് നിലപാടുകളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ.
അനവസരത്തിലുള്ള ഇത്തരം പത്ര പ്രസ്താവനകളോ പത്ര സമ്മേളനങ്ങളോ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങളോ ആരും നടത്തരുത്. അതിരൂപത പിആര്‍ഒ നല്‍കുന്നതായിരിക്കും അതിരൂപതയുടെ ഔദ്യോഗിക നിലപാടുകളും തീരുമാനങ്ങളും.
കൂരിയ ഉള്‍പ്പെടെ കാനോനിക സമിതികളുടെ പുനസംഘടന സമയബന്ധിതമായി നടത്തും എന്ന മാര്‍ പാംപ്ലാനിയുടെ അറിയിപ്പ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും വിധം ചിലര്‍ ഉപയോഗിച്ചിട്ടുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സമ്മതം ആവശ്യമുള്ള ഇത്തരം കാര്യങ്ങള്‍ ഉചിതമായ വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച് അറിയിക്കും.
അതിരൂപതയിലെ ഏതാനും വൈദികര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള കാനോനിക നടപടികളുടെ സ്വഭാവവും സാഹചര്യവും പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പിതാവ് ഇക്കാര്യത്തില്‍ അറിയിച്ചിട്ടുള്ളത്.
ഒരു നടപടിയും പിന്‍വലിച്ചതായി അറിയിച്ചിട്ടില്ല. ഇതിനോടകം കാനോനിക നടപടികള്‍ ആരംഭിച്ചവരുടെ കാര്യത്തില്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവിലും കാരണം കാണിക്കല്‍ നോട്ടീസിലും ആവശ്യപ്പെട്ടിട്ടുള്ള പ്രകാരം ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കണം.
ഇതുവരെ മറുപടി നല്‍കാത്തവര്‍ ഇന്നു മുതല്‍ ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണം. ശിക്ഷണ നടപടികള്‍ക്ക് വിധേയരായിട്ടുള്ള വൈദികര്‍ പരസ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനോ, കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മം ചെയ്യുന്നതിനോ മുതിരരുതെന്നും അതിരൂപത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.