ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം (2025-26) രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വിലയിരുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ചു.
നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയിലും മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ച, ദുര്‍ബലമായ ഉപഭോഗം, സ്വകാര്യ നിക്ഷേപം, തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലെ പ്രതിസന്ധികള്‍ തുടങ്ങിയ വെല്ലുവിളികള്‍ സമ്പദ്വ്യവസ്ഥ നേരിടുന്നുണ്ട്.
എന്നാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ധനമന്ത്രി പങ്കുവെച്ചു. നടപ്പ് വര്‍ഷം വളര്‍ച്ച നാല് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 6.4 ശതമാനം ആയിരിക്കുമെന്നാണ് സര്‍വേ പറയുന്നത്.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് നടപ്പ് വര്‍ഷത്തെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിന്റെ വിലയിരുത്തലാകും. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി സഭയില്‍ വച്ച റിപ്പോര്‍ട്ട് ബജറ്റ് നിര്‍ദേശങ്ങളിലേക്കുള്ള സൂചകമായാണ് വിലയിരുത്തപ്പെടുന്നത്.
ശക്തമായ സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഏകീകരണം, സ്ഥിരതയുള്ള സ്വകാര്യ ഉപഭോഗം എന്നിവയിലൂടെ സമ്പദ് വ്യവസ്ഥ കരുത്ത് ആര്‍ജിക്കുന്നുണ്ട്. ഉയര്‍ന്ന പൊതു മൂലധന നിക്ഷേപവും മെച്ചപ്പെട്ട വ്യവസായങ്ങളിലും നിക്ഷേപ പ്രവര്‍ത്തനങ്ങളിലും പ്രതീക്ഷ നല്‍കുന്നു.
ആഗോള തലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങള്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം തുടങ്ങിയ ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുണ്ടെന്നും സര്‍വെയില്‍ പറയുന്നു.
രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്. ഇതിനു പിന്നാലെ 2025-26 വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയുടെ മേശപ്പുറത്ത് വെച്ചതോടെ ലോക്സഭാ നാളെ ചേരാനായി പിരിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.