അമേരിക്കയുടെ ഭാഗമാകാന്‍ തങ്ങളില്ലെന്ന് ഗ്രീന്‍ലാന്‍ഡുകാര്‍; ട്രംപിന്റെ നീക്കത്തിന് അഭിപ്രായ സര്‍വേയില്‍ തിരിച്ചടി

അമേരിക്കയുടെ ഭാഗമാകാന്‍ തങ്ങളില്ലെന്ന് ഗ്രീന്‍ലാന്‍ഡുകാര്‍; ട്രംപിന്റെ നീക്കത്തിന് അഭിപ്രായ സര്‍വേയില്‍ തിരിച്ചടി

വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി.

ഡെന്‍മാര്‍ക്കിന്റെ അര്‍ദ്ധ സ്വയം ഭരണാധികാരമുള്ള ദ്വീപില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഭാഗമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗ്രീന്‍ലാന്‍ഡുകാര്‍ വ്യക്തമാക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡാനിഷ് ദിനപത്രമായ ബെര്‍ലിങ് സ്‌കെയും ഗ്രീന്‍ലാന്‍ഡിലെ ദിനപത്രമായ സെര്‍മിറ്റ്സിയാഖും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 85 ശതമാനം ഗ്രീന്‍ലാന്‍ഡുകാരും ട്രംപ് ആഗ്രഹിക്കുന്നതു പോലെ യു.എസിന്റെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു.

ആറ് ശതമാനം ഗ്രീന്‍ലാന്‍ഡുകാര്‍ മാത്രമാണ് തങ്ങളുടെ ദ്വീപ് യു.എസിന്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. ഒമ്പത് ശതമാനം പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രംപിന്റെ താല്‍പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ എട്ട് ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞത്. 55 ശതമാനം പേര്‍ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37 ശതമാനം പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെക്‌സികോയേക്കാള്‍ വലിയ ഭൂപ്രദേശമായ ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. 57,000 മാണ് ഇവിടുത്തെ ജനസംഖ്യ. 2009 ലാണ് ദ്വീപിന് സ്വയം ഭരണാവകാശം ലഭിച്ചത്. ഡെന്മാര്‍ക്കില്‍ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശവും പ്രദേശത്തിനുണ്ട്.

നേരത്തെ മുതല്‍ ട്രംപിന് ഗ്രീന്‍ലാന്‍ഡിനെ യുഎസിനോട് ചേര്‍ക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കിയ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ, ദ്വീപ് വില്‍പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി.

അന്താരാഷ്ട്ര അതിര്‍ത്തികളോടുള്ള ബഹുമാനം നിലനിര്‍ത്തുക എന്ന തത്വത്തിന് പൂര്‍ണ പിന്തുണ നല്‍കിയതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, നാറ്റോ ചീഫ് സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമായിരുന്നു പ്രതികരണം.

ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കുമായി അടുത്ത സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് സര്‍വേയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് സുപ്രധാനമാണെന്നും തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം ഡെന്മാര്‍ക്ക് ഉപേക്ഷിക്കണമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാറ്റോ രാജ്യമായ ഫ്രാന്‍സ് ഉള്‍പ്പെടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.