ജസ്റ്റിസ് ഫോര്‍ മിഹിര്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അടക്കം മൊഴിയെടുത്തു

ജസ്റ്റിസ് ഫോര്‍ മിഹിര്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അടക്കം മൊഴിയെടുത്തു

തൃപ്പൂണിത്തുറ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിഹിര്‍ അഹമ്മദിനെ (15) ജനുവരി 15 നാണ് ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപാഠികളുടെ ക്രൂര റാഗിങ് മൂലമാണ് മകന്‍ മരിക്കാനിടയായതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ മാതാവ് സമൂഹിക മാധ്യമത്തില്‍ കുറിപ്പും ഇട്ടിരുന്നു.

മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും പ്രത്യക്ഷപ്പെട്ടിരുന്നു. മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവ് വ്യക്തമാക്കിയത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രം പേജ് പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു.

അമ്മ വെളിപ്പെടുത്തിയ കാര്യങ്ങളടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും താമസ സ്ഥലത്തെ ജോലിക്കാരിയുടെയും മൊഴി ഹില്‍പ്പാലസ് പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് മാനസികമായി വല്ലാതെ വിഷമത്തിലായിരിക്കുന്ന വീട്ടുകാര്‍ ഇപ്പോള്‍ കോഴിക്കോട്ടെ തറവാട്ടുവീട്ടിലാണ്. ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് വരാന്‍ പോലും പറ്റാത്തവിധം മാനസികാഘാതത്തിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മിഹിര്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും ക്ലാസ് ടീച്ചറിന്റെയും ഏതാനും കുട്ടികളുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. റാഗിങ് നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും മിഹിര്‍ ക്ലാസ് റൂമില്‍ ഹാപ്പിയായിരുന്നു എന്നും ബസില്‍ പോകുമ്പോള്‍ ഉറങ്ങിയാണ് പോയിരുന്നതെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഏതാനും ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചില വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം, പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളും രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.