അമേരിക്കയിൽ വീണ്ടും വിമാന അപകടം; ചെറു വിമാനം വീടിന് മുകളിൽ പതിച്ചു; കത്തിയെരിഞ്ഞ് കെട്ടിടങ്ങളും വാഹനങ്ങളും

അമേരിക്കയിൽ വീണ്ടും വിമാന അപകടം; ചെറു വിമാനം വീടിന് മുകളിൽ പതിച്ചു; കത്തിയെരിഞ്ഞ് കെട്ടിടങ്ങളും വാഹനങ്ങളും

ഫിലാഡൽഫിയ: അമേരിക്കയിൽ വീണ്ടും വിമാന അപകടം. വെള്ളിയാഴ്ച ഫിലാഡൽഫിയയിലെ ഒരു പാർപ്പിട സമുച്ചയത്തിൽ ഒരു ചെറിയ വിമാനം തകർന്നുവീണ് വലിയ തീപിടുത്തമുണ്ടായി.

ലിയർജെറ്റ് 55 എക്‌സിക്യൂട്ടീവ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രോഗിയടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായത്. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് സ്പ്രിംഗ്ഫീൽഡ് - ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടം.

റൂസ്‌വെൽറ്റ് മാളിന് എതിർവശത്തുള്ള നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ കോട്ട്മാൻ, ബസ്റ്റൽട്ടൺ അവന്യൂസിന് സമീപമാണ് വിമാനം തകർന്നത്. പാർപ്പിട സമുച്ചയത്തിലേക്കാണ് വിമാനം തകർന്നു വീണത്. നിരവധി വീടുകൾക്ക് തീപിടിച്ചു. താമസക്കാരെ അവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട് .

പ്രധാനമായും ബിസിനസ് ജെറ്റുകളും ചാർട്ടർ ഫ്ലൈറ്റുകളും കൈകാര്യം ചെയ്യുന്ന നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 4.8 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം. ദേശീയ ഗതാഗത സുരക്ഷാ ബോർഡും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) സംഭവത്തെക്കുറിച്ച് പൂർണ അന്വേഷണം ആരംഭിച്ചു.

യുഎസിൽ നടന്ന മറ്റൊരു വിനാശകരമായ വ്യോമയാന അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. വാഷിങ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിന് സമീപം ഒരു പാസഞ്ചർ ജെറ്റ് ഒരു ആർമി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് ജെറ്റിലുണ്ടായിരുന്ന 64 പേരും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി യുഎസിൽ ഉണ്ടായ ഏറ്റവും മാരകമായ വ്യോമ ദുരന്തമായിരുന്നു ആ അപകടം.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.