കൊച്ചി: ഓരോ ദിവസവും സ്വര്‍ണ വില കുതിച്ചുയരുകയാണ്. റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സ്വര്‍ണത്തിന് എത്ര വരെ വില ഉയരുമെന്ന് പറയാന്‍ സാധിക്കില്ല. ഡോളര്‍ കരുത്ത് കുറഞ്ഞതും രൂപ മൂല്യം നഷ്ടപ്പെട്ട് കൂപ്പുകുത്തുന്നതുമെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമാണ്. മാത്രമല്ല അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയുമാണ്.
കേരളത്തില്‍ സാധാരണ 22 കാരറ്റ് സ്വര്‍ണമാണ് ഉപയോക്താക്കള്‍ വാങ്ങുക. ഇതിന്റെ വില ഓരോ ദിവസവും ജ്വല്ലറികളിലെ ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കും. 91 ശതമാനം സ്വര്‍ണവും ബാക്കി ഒന്‍പത് ശതമാനത്തോളം ചെമ്പും ചേര്‍ന്നതാണ് 22 കാരറ്റ് സ്വര്‍ണം. സ്വര്‍ണ വില കൂടുമ്പോള്‍ ലാഭം കൊയ്യാന്‍ എന്താണ് ചെയ്യേണ്ടത്, ഇന്നത്തെ വിവിധ കാരറ്റിലുള്ള സ്വര്‍ണത്തിന്റെ വില എത്ര എന്നിവ നോക്കാം.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 63440 രൂപയാണ് ഇന്നത്തെ വില. 200 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 25 രൂപ കൂടി 7930 രൂപയായി. അതേസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയിലുമെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2870 ഡോളറിലേക്ക് വില കുതിച്ചിരിക്കുകയാണ്.
സ്വര്‍ണം ആഭരണം എന്ന ലക്ഷ്യത്തോടെ മാത്രം വാങ്ങുന്നവര്‍ 22 കാരറ്റിനെ വിട്ട് 18 കാരറ്റ് പിടിക്കുന്നതാണ് ലാഭകരം. 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റു ലോഹങ്ങളും ചേര്‍ന്ന സ്വര്‍ണമാണിത്. ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപയ്ക്ക് അടുത്താണ് ഈ കാരറ്റിലെ വില. അലങ്കാരത്തിന് ഉപയോഗിക്കാന്‍ ഈ സ്വര്‍ണം ധാരാളം. ഇതിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിട്ടും ഉണ്ട്.
വിവാഹ ആവശ്യക്കാര്‍ക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ ലാഭം കൊയ്യണം എങ്കില്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം മാത്രമാണ് പോംവഴി. ആറ് മാസം, ഒരു വര്‍ഷം വരെ കാലാവധിയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. നല്‍കുന്ന പണത്തിന് അനുസരിച്ചാണ് ജ്വല്ലറികള്‍ ഇതിന്റെ കാലാവധി നിശ്ചയിക്കുക. വാങ്ങുന്ന സമയത്തെയും ബുക്ക് ചെയ്യുന്ന സമയത്തെയും വിലയില്‍ ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതാണ് മെച്ചം.
നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവര്‍ക്കും ലാഭമുണ്ടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം 24 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ്. ഈ കാരറ്റിലുള്ള സ്വര്‍ണത്തില്‍ മറ്റു ലോഹങ്ങള്‍ ഉണ്ടാകില്ല. ഒരു ഗ്രാമിന് 8600 രൂപയ്ക്ക് മുകളിലാണ് വില. വ്യാപാരം പുരോഗമിക്കുന്നതിന് അനുസരിച്ച് ഓരോ നിമിഷവും വില കൂടുകയും കുറയുകയും ചെയ്യും. നിശ്ചിത വിലയില്‍ ഈ സ്വര്‍ണം നിലനില്‍ക്കില്ലെന്ന് ചുരുക്കം.
മറ്റ് കാരറ്റിലുള്ള സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ പണിക്കൂലി ഇനത്തില്‍ നഷ്ടം സംഭവിക്കും. എന്നാല്‍ 24 കാരറ്റില്‍ തീരെ നഷ്ടമുണ്ടാകില്ല. മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും. 2024 ല്‍ മാത്രം 26 ശതമാനമാണ് സ്വര്‍ണവില കൂടിയത്. അതായത് ഒരു വര്‍ഷം കഴിഞ്ഞ് വിറ്റവര്‍ക്ക് വാങ്ങിയതിനേക്കാള്‍ ഇത്രയും ലാഭം വില്‍ക്കുന്ന വേളയില്‍ ലഭിച്ചു എന്നര്‍ഥം. സ്വര്‍ണ നിക്ഷേപം വലിയ ലാഭം തരുന്നു എന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.