'ബജറ്റ് ജനപ്രിയമല്ല': ഭൂനികുതി 50 ശതമാനം കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകളിലും വര്‍ധന; ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല

'ബജറ്റ് ജനപ്രിയമല്ല': ഭൂനികുതി 50 ശതമാനം കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകളിലും വര്‍ധന; ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം നിയമസഭയില്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം പകുതിയോടെ നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കും എന്ന് വ്യാപക പ്രചരണമുണ്ടയിരുന്നെങ്കിലും ബജറ്റില്‍ ഒരു രൂപ പോലും കൂട്ടിയില്ല. മൂന്നു മാസത്തെ കുടിശിക നല്‍കും. കൃഷിയും ആരോഗ്യവുമടക്കം ചില മേഖലകള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബജറ്റ് പൊതുവേ നിരാശാജനകമെന്ന വിലയിരുത്തലാണ് വരുന്നത്.

അതിനിടെ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 150 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കോടതി ഫീസും കൂട്ടി.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.

എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി വകയിരുത്തി. മജ്ജ മാറ്റി വയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കണ്ടെത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 'കെ ഹോംസ്' എന്ന പേരില്‍ പ്രത്യേക പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. ടൂറിസ്റ്റുകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.

വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി.

വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.