കാല്‍ നൂറ്റാണ്ടിന് ശേഷം രാജ്യ തലസ്ഥാനമായ ഡല്‍ഹി വീണ്ടും ബിജെപി പിടിച്ചു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ബഹുഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുകളിലും അധികാരത്തിലിരുന്ന പാര്‍ട്ടികളെ തോല്‍പിച്ച്  ബിജെപി ഭരണം പിടിച്ചെടുത്തിരുന്നു.
എന്നാല്‍ കേന്ദ്ര ഭരണത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹി അവര്‍ക്ക് കിട്ടാ ഖനിയായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി അരവിന്ദ് കെജരിവാള്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ആം ആദ്മി എന്ന പാര്‍ട്ടി തലസ്ഥാന നഗരത്തിന് പുതിയൊരു ഭരണരീതി തന്നെ പരിചയപ്പെടുത്തി. 
അഴിമതിയില്‍ മുങ്ങിക്കുളിച്ച മുന്‍ സര്‍ക്കാരുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കെജരിവാള്‍ സര്‍ക്കാര്‍. ഭരണത്തിന്റെ സദ്ഫലങ്ങള്‍ താഴേത്തട്ടിലേക്ക് നേരിട്ടെത്തിയപ്പോള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കെജരിവാളിനെയും ആം ആദ്മിയെയും നെഞ്ചോട് ചേര്‍ത്തു. 
ബിജെപിയുടെ പടയോട്ടം തുടരുന്ന 2020 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും കെജരിവാളിനെ ജനം കൈവിട്ടില്ല. ആകെ 70 സീറ്റുകളുള്ള നിയമസഭയില്‍ 2015 ല്‍ 62 സിറ്റാണ് നല്‍കിയതെങ്കില്‍ 2020 ല്‍ 67 സീറ്റ് നല്‍കിയാണ് ജനം ആം ആദ്മിക്കൊപ്പം നിന്നത്.
എന്നാല്‍ രണ്ടാം ടേമില്‍ കെജരിവാളിന്റെ അഴിമതി രഹിതനെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഡല്‍ഹി മദ്യനയ അഴിമതിക്കേസാണ് മുഖ്യ കാരണം. ഉപമുഖ്യമന്ത്രിയും തന്റെ വിശ്‌സ്തനുമായ മനീഷ് സിസോദിയയ്ക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ജയിലില്‍ കിടക്കേണ്ടി വന്നു. മാത്രമല്ല, ഡല്‍ഹിയിലെ ഔദ്യോഗിക വസതി കോടികള്‍ മുടക്കി മോടി പിടിപ്പിച്ചതും മറ്റും കെജരിവാളിന്റെ അഴിമതി രഹിതനെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. 
അതിലെല്ലാം ഉപരിയായി ബിജെപിയെ നേരിടാനെന്ന് പറഞ്ഞ് 2023 ല്‍ രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയില്‍ തുടരുമ്പോഴും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്വന്തമായി മത്സരിക്കാന്‍ എഎപി കൈക്കൊണ്ട തീരുമാനമാണ് ഈ കനത്ത പരാജയത്തിന് വഴി വച്ചത്. 
ഫലമോ, സീറ്റുകള്‍ മൂന്നിലൊന്നായി കുറഞ്ഞു എന്നു മാത്രമല്ല പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്ന അരവിന്ദ് കെജരിവാളും മനീഷ്് സിസോദിയയും അടിതെറ്റി വീഴുകയും ചെയ്തു. ഇതോടെ  ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തു.
ഇന്ത്യ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിനാകട്ടെ പച്ച തൊടാനുമായില്ല. കഴിഞ്ഞ തവണ വട്ടപ്പൂജ്യമായിരുന്ന കോണ്‍ഗ്രസ് ഇത്തവണയും സംപൂജ്യരായി തുടരുന്നു. ഒരു കാലത്ത് ഡല്‍ഹിയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ പാര്‍ട്ടിയാണ് ഒരു സീറ്റ് പോലും നേടാനാകാതെ രണ്ട് തിരഞ്ഞെടുപ്പുകളിലും തകര്‍ന്നടിഞ്ഞത്. 
സീറ്റ് ധാരണയില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്നെങ്കില്‍ ഡല്‍ഹിയിലെ ചിത്രം ഇതാകുമായിരുന്നില്ല. ബിജെപിയോട് ശക്തമായ മത്സരം കാഴ്ചവച്ച് അധികാരം നിലനിര്‍ത്താനാകുമായിരുന്ന സാഹചര്യമാണ് ഇന്ത്യ സഖ്യം കളഞ്ഞു കുളിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.