ബംഗളുരു: സര്‍പ്രൈസായി ബംഗളുരു ചര്‍ച്ച് സ്ട്രീറ്റില്‍ പാടാനെത്തിയ ഇതിഹാസ ഗായകന്‍ എഡ് ഷീരനെ തിരിച്ചറിയാതെ അപമാനിച്ച് കര്‍ണാടക പൊലീസ്. മൈക്കിന്റെ കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം.
ലോകത്തെമ്പാടും ആരാധകരുള്ള പ്രമുഖ ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍ ഇന്ന് രാവിലെ പതിനൊന്നിനാണ് ചര്‍ച്ച് സ്ട്രീറ്റില്‍ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഇതിഹാസ ഗായകന്റെ പാട്ട് ബംഗളുരു പൊലീസ് തടസപ്പെടുത്തിയത്.
ഇതിനിടയില്‍ എഡ് ഷീരനെ നേരില്‍ കണ്ടപ്പോള്‍ അത്ഭുതത്തോടെ ആളുകള്‍ തടിച്ചുകൂടി. പലരും അദേഹം പാടുന്നത് മൊബൈലില്‍ പകര്‍ത്താനും തുടങ്ങി. പ്രസിദ്ധമായ 'ഷേപ്പ് ഓഫ് യൂ' പാടുന്നതിനിടെയാണ് പൊലീസുകാരന്‍ വന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞത്.
എഡ് ഷീരനാണെന്ന് കൂടെയുള്ളയാള്‍ പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരന്‍ അതൊന്നും സമ്മതിച്ചില്ല. വന്നയുടന്‍ മൈക്കിലേക്കുള്ള കണക്ഷന്‍ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം.
തുടര്‍ന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരനും ടീമും മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് പൊലീസിനെതിരെ ഉയരുന്നത്. അദേഹത്തിന്റെ ഐ ഡോണ്ട് കെയര്‍, ഷേപ്പ് ഓഫ് യു, ലീവ് യുവര്‍ ലൈഫ്, പെര്‍ഫക്ട് തുടങ്ങിയ ഗാനങ്ങള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് തരംഗം സൃഷ്ടിച്ചവയാണ്.
കഴിഞ്ഞ ദിവസം എഡ് ഷീരന്‍ ചെന്നൈയില്‍ കണ്‍സേര്‍ട്ട് നടത്തിയിരുന്നു. പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചു. സര്‍പ്രൈസായി നടന്ന അവതരണത്തില്‍ ഷീരന്‍ ഗ്ലോബല്‍ ഹിറ്റായ ഷേപ്പ് ഓഫ് യുവും റഹ്മാന്റെ ക്ലാസിക് ഉര്‍വശി ഉര്‍വ്വശിയും മാഷപ്പ് ചെയ്ത് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ജനുവരി 30 ന് പൂനെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ ടൂര്‍ ആറ് നഗരങ്ങളിലാണ് നടക്കുക. ചെന്നൈയിലെ ഷോയ്ക്ക് മുന്‍പ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ഫെബ്രുവരി രണ്ടിന് ഷീരന്‍ സംഗീത സന്ധ്യ നടത്തിയിരുന്നു. ബംഗളുരു, ഷില്ലോങ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും അദേഹം ഷോ നടത്തും. ഗ്രാമി അവാര്‍ഡുകള്‍ അടക്കം നേടിയ ഗായകനാണ് എഡ് ഷീരന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.