അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പൂട്ട് വീഴും; 262 പേരുടെ പട്ടിക തയ്യാറാക്കി വിജിലന്‍സ്

 അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പൂട്ട് വീഴും; 262 പേരുടെ പട്ടിക തയ്യാറാക്കി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന്‍ വിജിലന്‍സ് നടപടി തുടങ്ങി. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി. 262 പേരുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.

പട്ടികയില്‍ കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥിരമായി കേസില്‍പ്പെടുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അഴിമതിക്കാരെ കണ്ടെത്താന്‍ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഫയലുകള്‍ ദീര്‍ഘകാലം വെച്ചുതാമസിപ്പിക്കുന്നവര്‍, ഫയല്‍ നീക്കാന്‍ പണം ആവശ്യപ്പെടുന്നവര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ മാസത്തില്‍ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നും വിജിലന്‍സ് എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍ വിജിലന്‍സിലുണ്ടെന്നും ഡയറക്ടര്‍ വിമര്‍ശിച്ചു. പ്രവര്‍ത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.