കാലിഫോര്‍ണിയ: കഴിഞ്ഞ എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) കഴിയുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെ മടക്കയാത്രയ്ക്ക് ഒടുവില്‍ തീരുമാനമായി.
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും മാര്‍ച്ച് പകുതിയോടെ ഭൂമിയില്‍ മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാര്‍ച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടു വരാനാവുക എന്നായിരുന്നു നാസ നേരത്തെ കരുതിയിരുന്നത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ മാസം മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയം ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.
പലതവണ ഇരുവരെയും മടക്കി കൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്‌സിക്കോയില്‍ 2024 സെപ്റ്റംബര്‍ ഏഴിന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിങും ചെയ്തത്.
ഇതോടെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും 250 ദിവസത്തോളം ഐഎസ്എസില്‍ തുടരേണ്ടി വരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.
്2025 മാര്‍ച്ച് പകുതിയോടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്യമോറും മടങ്ങിയെത്തുക. ഇവര്‍ക്കൊപ്പം ക്രൂ-9 അംഗങ്ങളായ നിക്ക് ഹഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും മടക്കയാത്രയില്‍ ഡ്രാഗണ്‍ ക്യാപ്സൂളിലുണ്ടാകും.
മുമ്പ് ബഹിരാകാശ യാത്രക്കായി ഉപയോഗിച്ചിട്ടുള്ള ഡ്രാഗണ്‍ പേടകമാണിത് എന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ കാലാവസ്ഥ പരിഗണിച്ചായിരിക്കും പേടകത്തിന്റെ ലാന്‍ഡിങ് തിയതി സ്‌പേസ് എക്‌സുമായി ചേര്‍ന്ന് നാസ തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.