എടുത്തുചാട്ടം വേണ്ട; വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

എടുത്തുചാട്ടം വേണ്ട; വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

വാഹനാപകടങ്ങള്‍ നിരവധിയാണ് ഇക്കാലത്ത്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് പലപ്പോഴും വാഹാനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. പ്രത്യേകിച്ച് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴുള്ള അശ്രദ്ധ. ഓവര്‍ടേക്കിനെ വളരെ നിസ്സാരമായാണ് പലരും കാണാറ്. എന്നാല്‍ വളരെ ഏറെ ശ്രദ്ധ ആവശ്യമായുള്ള ഒന്നാണ് ഓവര്‍ടേക്ക്. മറ്റൊരു വാഹനത്തെ മറികടക്കമ്പോള്‍ നിരവധി കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു വാഹനത്തെ മറികടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ വാഹനത്തിന്റെ തൊട്ടുപിന്നിലായി പോകരുത്. കാരണം മുന്നിലുള്ള വാഹനത്തിന് യാതൊരുവിധ അസൗകര്യവും ഉണ്ടാകാതെ വേണം ആ വാഹനത്തെ മറികടക്കാന്‍. കൂടാതെ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ അവസ്ഥ, പാലം, മറ്റ് കയറ്റിറക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനങ്ങള്‍ പെട്ടെന്നെടുത്ത് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാതിരിക്കുക.

ട്രാഫിക് സിഗ്‌നലുകള്‍ ശ്രദ്ധിച്ച ശേഷം വേണം ഓവര്‍ടേക്ക് ചെയ്യാന്‍. ഓവര്‍ടേക്ക് പാടില്ല എന്ന സിഗ്നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കരുത്. അതുപോലെതന്നെ കൃത്യമായ സിഗ്‌നലുകള്‍ നല്‍കുകയും വേണം. റോഡ് മാര്‍ക്കിംഗ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നതും അപകടകരമാണ്.

അതുപോലെ തന്നെ ഓവര്‍ടേക്ക് ചെയ്യുന്ന മറ്റൊരു വാഹനത്തെ പിന്തുടരുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും. കാരണം പ്രസ്തുത വാഹനത്തിന്റെ തീരുമാനം പെട്ടെന്ന് മാറിയാല്‍ അതനുസരിച്ച് നമുക്ക് തീരുമാനങ്ങള്‍ മാറ്റാന്‍ സാധിച്ചെന്നു വരില്ല. ഇന്ത്യയില്‍ വാഹനത്തിന്റെ വലതുവശത്തുകൂടിയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്. ഇടതു വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ നാലുവരിപ്പാതകളില്‍ വലതുവശത്തെ ലെയിനില്‍കൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന്‍ ഇന്‍ഡിക്കേറ്ററിട്ടാല്‍ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാനുള്ള അനുവാദമുണ്ട്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനു മുമ്പായി മിറര്‍ വഴി നമ്മുടെ വാഹനത്തിന്റെ പിന്‍ഭാഗവും ശ്രദ്ധിക്കണം. തൊട്ടുപിന്നിലായി വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ കൃത്യമായ സിഗ്നല്‍ നല്‍കി വേണം ഓവര്‍ടേക്ക് ചെയ്യാന്‍. അല്ലാത്തപക്ഷം അപകടങ്ങള്‍ക്ക് കാരണമായേക്കാം.

കാല്‍ നടക്കാര്‍ക്ക് കടന്നുപോകാനായി സീബ്രാ ലൈനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഒരുകാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്. റോഡ് വ്യക്തമായി കാണാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലും മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കാതിരിക്കുക. ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനം എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വാഹനാപകടങ്ങളില്‍ നിന്നും രക്ഷ നേടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.