ടെൽ അവീവ് : ഗാസ വെടിനിർത്തൽ ഉടമ്പടി പ്രകാരം ബന്ദികളെ ശനിയാഴ്ച തന്നെ മോചിപ്പിക്കാൻ ഹമാസും ഇസ്രയേലും കരാറിലെത്തിയതായി റിപ്പോർട്ട്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നടന്ന ചർച്ചകളുടെ ഭാഗമായാണ് തീരുമാനം.
ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ചർച്ചകളിൽ ഹമാസും ഇസ്രയേലും ഒരു കരാറിലേക്ക് എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് വർധിപ്പിക്കാനും ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ വെടിനിർത്തൽ കരാർ തകരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹമാസ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
"ഈ ശനിയാഴ്ച നടക്കുന്ന കരാറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ഇസ്രയേലും ഹമാസും ഒരു ധാരണയിലെത്തിയിരിക്കുന്നു. അത് പ്രകാരം മൂന്ന് ബന്ദികളെ മോചിപ്പിക്കും. കൂടാതെ ഗാസ മുനമ്പിലേക്കുള്ള സഹായമായി ടെന്റുകൾ, ഗ്യാസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നത് ഇസ്രയേൽ വർധപ്പിക്കും ” ഹമാസ് പ്രസ്താവനയിൽ പറയുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്ന് തിങ്കളാഴ്ചയാണ് ഹമാസ് പ്രഖ്യാപിച്ചത്. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മൂന്ന് ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ബന്ദി കൈമാറ്റം നീട്ടിവെച്ചാൽ ഹമാസിനെ ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പു നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.