മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായം ആയില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

 മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായം ആയില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബീരേന്‍ സിങ് രാജിവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് തീരുമാനം. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എന്‍ഡിഎയ്ക്ക് സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് നടപടി.

'ഇന്ത്യയുടെ രാഷ്ട്രപതിയായ എനിക്ക് മണിപ്പൂര്‍ ഗവര്‍ണറില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെയും മറ്റ് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്.' വിജ്ഞാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യമന്ത്രിയായിരുന്ന ബീരേന്‍ സിങ് രാജിവച്ചത്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബീരേന്‍ സിങിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. ബിജെപിക്കുള്ളിലും മുഖ്യമന്ത്രിക്കെതിരെ അതൃപ്തി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വവുമായി ബീരേന്‍ സിങ് കൂടിക്കാഴ്ച നടത്തുകയും പിന്നാലെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ബീരേന്‍ സിങിന് പകരമായി ഒരു പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതില്‍ എന്‍ഡിഎയ്ക്കുള്ളില്‍ സമവായം ഉണ്ടായില്ല. ബിരേന്‍ സിങ് ഒഴികെ ഏത് നേതാവിനെയും അംഗീകരിക്കുമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എന്‍പിപി വ്യക്തമാക്കിയിരുന്നു. ബീരേന്‍ സിങിന് പകരം സ്പീക്കര്‍ ടി.എസ് സിങിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ ബീരേന്‍ പക്ഷം ഇതിനെതിരെ രംഗത്തെത്തി. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സംബിത പത്ര എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയിലും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവിയും ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയെ കണ്ട് സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
മണിപ്പൂരില്‍ രണ്ട് വര്‍ഷത്തോളമായി തുടരുന്ന വംശീയ അക്രമങ്ങള്‍ക്കിടെ, നിയമസഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കാനിരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സിങ് രാജിവച്ചത്. രാജി ജനങ്ങളെ രക്ഷിക്കാനല്ല, ബിജെപിയെ രക്ഷിക്കാനാണ് ഉദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് തിങ്കളാഴ്ച ആരോപിച്ചിരുന്നു.

വംശീയ കലാപത്തില്‍ ബീരേന്‍ സിങിന്റെ പങ്ക് ആരോപിക്കുന്ന ഓഡിയോ ക്ലിപ്പുകളുടെ ആധികാരികത സംബന്ധിച്ച് സുപ്രീം കോടതി ഫോറന്‍സിക് വിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജി.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ മെയ്‌തേയി വിഭാഗം കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അതേസമയം രാഷ്ട്രപതി ഭരണത്തിനോട് അനുകൂല നിലപാടാണ് കുക്കി വിഭാഗം സ്വീകരിച്ചത്. മണിപ്പൂര്‍ കലാപത്തില്‍ ഇരു വിഭാഗങ്ങളിലുമായി ഏകദേശം 250 ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആരാധനാലയങ്ങള്‍ അഗ്നിയ്ക്ക് ഇരയായി, അമ്പതിനായിരത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.