പ്രഥമ പരിഗണന ഗഗന്‍യാന്; മനുഷ്യ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് മനസ് തുറന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

പ്രഥമ പരിഗണന ഗഗന്‍യാന്; മനുഷ്യ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് മനസ് തുറന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം പ്രഥമ പരിഗണന നല്‍കുന്നത് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. 200 ടണ്‍ ശേഷിയുള്ള പൊപ്പല്‍ഷന്‍ സംവിധാനം, ശുക്രന്‍-ചൊവ്വാ ദൗത്യങ്ങള്‍, ചാന്ദ്രയാന്‍-4, ചാന്ദ്രയാന്‍ -5 എന്നിങ്ങനെ അടുത്ത ഒരു പതിറ്റാണ്ടേക്ക് വന്‍ പദ്ധതികളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനുള്ളത്. ഒരു ദേശീയ മാധ്യമത്തിന് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

2026ല്‍ തന്നെ ഗഗന്‍യാന്‍ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞതും അദേഹം ചൂണ്ടിക്കാട്ടി. വയോമിത്ര റോബോട്ടും വഹിച്ചുള്ള ആദ്യ മനുഷ്യ രഹിത ദൗത്യവും ഇക്കൊല്ലമുണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി. മനുഷ്യ ദൗത്യത്തിന് മുമ്പ് രണ്ട് മൂന്ന് മനുഷ്യരഹിത പരീക്ഷണ ദൗത്യങ്ങളുണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഇതില്‍ ആദ്യത്തേത് ഈ വര്‍ഷം തന്നെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും.

പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായാല്‍ മാത്രമേ മനുഷ്യ ദൗത്യം ഉണ്ടാകൂ എന്നും അദേഹം വ്യക്തമാക്കി. ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ കഠിന പരിശീലനത്തിലാണ്. കായിക പരിശീലനത്തോടൊപ്പം ദൗത്യത്തിന്റെ ഉപകരണങ്ങളും നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്ന് പോകുകയാണ്.

മൂന്ന് യാത്രികരെയാണ് ബഹിരാകാശത്തേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ 400 കിലോമീറ്റര്‍ അകലെയുള്ള ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലേക്കാണ് ഗഗന്‍യാനെ എത്തിക്കുക. ഇതിനായി എല്‍വിഎം-3 വാഹനം (എച്ച്എല്‍വിഎം-3) ഉപയോഗിക്കും. ഇത് അത്യാധുനിക ഘടനയും ഊഷമാവ് നിയന്ത്രണ സംവിധാനങ്ങളും ഉള്ള വാഹനമാണ്. തത്സമയം വാഹനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാകുമെന്നതാണ് മറ്റൊരു സവിശേഷത. വാഹനത്തിലുള്ളവരുടെ സുരക്ഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കും. ഇതിന് പുറമെ ഏറെ മെച്ചപ്പെട്ട പാരിസ്ഥിതിക നിയന്ത്രണ-സുരക്ഷ സംവിധാനങ്ങളും ഇതിനുണ്ട്.

വാഹനം ബഹിരാകാശ യാത്രികരെ ആദ്യഘട്ടത്തില്‍ 170 കിലോമീറ്റര്‍ വരെ എത്തിച്ച ശേഷം പിന്നീട് 400 കിലോമീറ്റര്‍ ഭ്രമണ പഥത്തിലേക്ക് കടത്തി വിടും. പിന്നീട് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്യും. പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലെ സര്‍വീസ് ഉപകരണം ബഹിരാകാശ യാത്രികരെ കൊണ്ടുപോകാനും തിരിച്ച് കൊണ്ടുവരാനുമുള്ള ദൗത്യം നിര്‍വഹിക്കും. തിരികെ പ്രവേശിക്കുമ്പോള്‍ ഗതിവേഗം കുറച്ച് കൊണ്ടുവരും. തുടര്‍ന്ന് പാരച്യൂട്ടിന്റെ സഹായത്തോടെയാകും ഭൂമിയിലിറങ്ങുകയെന്നും അദേഹം വ്യക്തമാക്കി. ഈ പാരച്യൂട്ടുകള്‍ ആഗ്രയിലെ ഡിആര്‍ഡിഒയുടെ സഹായത്തോടെയാണ് വികസിപ്പിച്ചിട്ടുള്ളത്.

ഉയര്‍ന്ന പ്രവേഗത്തില്‍ ഒരു വസ്തു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഇത് വലിയ തോതില്‍ ഊഷ്മാവ് പുറന്തള്ളുന്നു. ഇത് നേരിടാനും സുരക്ഷിതമായി തിരിച്ചിറങ്ങാനുമായി ഐഎസ്ആര്‍ഒ ഏറെ സവിശേഷതകളുള്ള തെര്‍മല്‍ പ്രൊട്ടക്ഷന്‍ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. അന്തിമഘട്ടത്തില്‍ ബഹിരാകാശ വാഹനം വേഗത കുറച്ച് നിയന്ത്രിത പ്രവേഗത്തോടെ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറങ്ങും.

ഗഗന്‍യാന് പിന്നാലെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് ചെലവ് കുറഞ്ഞ ദൗത്യത്തിനും ലക്ഷ്യമിടുന്നുണ്ട്. ഇതിനകം തന്നെ നിരവധി ദൗത്യങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞുവെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.