ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിന് അമേരിക്കയില്‍ പിടിയിലായ ഇന്ത്യക്കാരെ ഇന്നലെയും രാജ്യത്തെത്തിച്ചത് കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച്. കഴിഞ്ഞയാഴ്ചയെത്തിയ ആദ്യ വിമാനത്തിലുണ്ടായിരുന്നവരെ കാലില്‍ ചങ്ങലയിട്ടും കൈ വിലങ്ങണിയിച്ചും ഇന്ത്യയിലെത്തിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും ട്രംപ് തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. വിമാനത്തിലുണ്ടായിരുന്നവരെ ഇന്ത്യയിലെത്തിച്ച ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചു മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തങ്ങളുടെ പൗരന്‍മാരെ വിലങ്ങണിയിച്ച് എത്തിച്ചതിനെ ബ്രസീല്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം അറിയിച്ചതോടെ ശേഷിക്കുന്നവരെ മാന്യമായി യാത്രാ വിമാനത്തിലാണ് സ്വദേശങ്ങളിലെത്തിച്ചത്.
ആദ്യ സംഘം കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ കൈവിലങ്ങും ചങ്ങലയും അണിയിച്ചത് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായതോടെ കുടിയേറ്റക്കാരോട് അനുഭാവ പൂര്‍ണമായ സമീപനം ഉണ്ടാവണമെന്ന ആവശ്യവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യക്കാരെ മോശക്കാരെന്ന രീതിയില്‍ കൊണ്ടു വരുന്നത് തടയാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. മോഡി ട്രംപിന്റെ വിരുന്നുകാരനായി അമേരിക്കയിലെത്തുകയും പ്രതിരോധ ഇടപാടുകളിലടക്കം ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തോടെ ഇന്ത്യക്കാരെ മാന്യമായി നാട്ടിലെത്തിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു.
'മൈ ഫ്രണ്ട്' എന്നാണ് മോഡിയെ ട്രംപ് വിശേഷിപ്പിച്ചത്. അനധികൃതമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ മോഡി വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മോഡിയുടെ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ തങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പിടിയിലായ ഇന്ത്യക്കാരെ അമേരിക്ക വീണ്ടും വിലങ്ങണിയിച്ച് ഇന്ത്യയിലെത്തിച്ചത്.
ഇന്നലെ രാത്രി അമേരിക്കന്‍ വ്യോമ സേനയുടെ വിമാനത്തില്‍ 119 പേരെയാണ് ഇന്ത്യയിലെത്തിയത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇവരെ സ്വീകരിച്ചു.
ഇന്ത്യക്കാരെ വീണ്ടും വിലങ്ങണിയിച്ച് എത്തിച്ചതിനെ കടുത്ത ഭാഷയിലാണ് ഭഗവന്ത് മാന്‍ പ്രതികരിച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുകയും ചെയ്തു.
'മോഡി തന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി കൈ കുലുക്കുമ്പോള്‍, ഇന്ത്യന്‍ പൗരന്മാരെ സൈനിക വിമാനത്തില്‍ ചങ്ങലയിട്ട് നാടുകടത്തുകയായിരുന്നു. ചങ്ങലയിട്ട ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് മോഡിക്കുള്ള ട്രംപിന്റെ മടക്ക സമ്മാനമാണ്'- പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.