ജീവിതത്തിലും മരണത്തിലും ഈശോയെ പ്രഘോഷിച്ച ഭാരത്തിലെ ആദ്യ വനിതാരക്തസാക്ഷിയുടെ ഓർമ്മ സഭ ഇന്നാചാരിക്കുന്നു

ജീവിതത്തിലും മരണത്തിലും ഈശോയെ പ്രഘോഷിച്ച ഭാരത്തിലെ ആദ്യ വനിതാരക്തസാക്ഷിയുടെ ഓർമ്മ സഭ ഇന്നാചാരിക്കുന്നു

കൊച്ചി : മിഷൻപ്രവർത്തങ്ങൾക്കിടയിൽ രക്തസാക്ഷിയായിത്തീർന്ന  ഭാരതത്തിലെ ആദ്യവനിത, സിസ്റ്റർ റാണി മരിയയുടെ മരണവാർഷികദിനമായി ഫെബ്രുവരി 25 ഭാരത കത്തോലിക്കാ സഭ ആചരിക്കുന്നു. 54 കുത്തേറ്റ് നിലത്തു വീണു പിടയുമ്പോഴും ഈശോ എന്ന നാമം ഉരുവിട്ടുകൊണ്ട് മരണത്തെ പുൽകിയ റാണി മരിയ ഭയപ്പാടുകൂടാതെ പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർക്ക് എന്നും പ്രചോദനമാണ്.

ഉത്തരേന്ത്യൻ സ്ത്രീകളുടെ ഇടയിൽ നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ അവരെ ചൂഷണം ചെയ്തു കൊണ്ടിരുന്ന ആളുകളെ പ്രകോപിപ്പിച്ചതിനെ തുടർന്ന് 1995 ഫെബ്രുവരി 25-ന് റാണി സിസ്റ്ററിനെ നിഷ്ഠൂരമായി  കുത്തി കൊലപ്പെടുത്തുകയാണുണ്ടായത്.

ഫ്രാന്‍സിസ്ക്കന്‍ ക്ലാര സന്യാസ സമൂഹത്തിലെ അംഗമായ സി. റാണി മരിയ 1954 ജനുവരി 29-ന് വട്ടാലില്‍ പൈലി - ഏലീശ്വാ ദമ്പതികളുടെ മകളായി ജനിച്ചു. സീറോ മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ പുല്ലുവഴി സെന്‍റ്. തോമസ് ദേവാലയത്തിലാണ് സി. റാണി മരിയ മാമ്മോദീസ സ്വീകരിച്ചത്. 1972 ജൂലൈ 3-ന് സന്യാസ സമൂഹത്തില്‍ അംഗമായി തീര്‍ന്ന സിസ്റ്റര്‍ 1974 മെയ് 22-ന് നിത്യവൃതവും അനുഷ്ഠിച്ച് ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ചു. തന്‍റെ ജീവിത ലക്ഷ്യമായി വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 4-മത്തെ അദ്ധ്യായം 18-മത്തെ വാക്യമായിരുന്നു സിസ്റ്റര്‍ തിരഞ്ഞെടുത്തത്. 'കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.' ആത്മാവില്‍ നിറഞ്ഞ് തന്‍റെ ജീവിതലക്ഷ്യത്തെ ഉന്നം വെച്ചുകൊണ്ട് 1975 മുതല്‍ 1983 വരെ ബിജ്നോര്‍ രൂപതയിലും, 1983 മുതല്‍ 1992 വരെ സത്നാ രൂപതയിലും, 1992 മുതല്‍ ഇന്‍ഡോര്‍ രൂപതയിലും ദര്ദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സുവിശേഷം അറിയിച്ചു.

തന്‍റെ ദൈവവിളിയിലെ ഉള്‍വിളി കണ്ടെത്തിയ സി. റാണി മരിയ ഇപ്രകാരം എഴുതി "എന്നെ ദൈവം വിളിച്ചിരിക്കുന്നത് പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സേവനം ചെയ്യുവാനാണ്. അതിനാല്‍ അവര്‍ക്കു വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ്, കാരണം അവരും ദൈവത്തിന്‍റെ മക്കളത്രെ." പാവങ്ങളോടുള്ള സ്നേഹം ഗോത്ര മേഖലകളില്‍ സിസ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാണ്. വ്യക്തിപരമായും, സമൂഹപരമായും ഉയര്‍ച്ചയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മിഷന്‍ സ്ഥലങ്ങളില്‍ ഉണ്ടായപ്പോള്‍ ജന്മിമാരുടെയും ചൂഷകരുടെയും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ആ എതിര്‍പ്പുകളുടെ ഫലമാണ് 1995 ഫെബ്രുവരി 25-ന് പുല്ലുവഴിയിലേക്കുള്ള യാത്രയില്‍ ബസില്‍ വെച്ച് സമന്ദര്‍ സിംഗ് സിസ്റ്ററിനെ നിഷ്ഠൂരം കൊലചെയ്തത്.

"വിശ്വാസം മൂലം രക്തസാക്ഷികള്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. സുവിശേഷത്തിന്‍റെ സത്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് അങ്ങനെ ചെയ്തു. ആ സത്യം അവരെ രൂപാന്തരപ്പെടുത്തി. സ്നേഹത്തിന്‍റെ ഏറ്റവും വലിയ ദാനം നേടാന്‍ അത് അവരെ ശക്തരാക്കി. തങ്ങളെ പീഡിപ്പിച്ചവരോട് ക്ഷമിക്കുവാനുള്ള കഴിവാണ് ആ ദാനം" (വിശ്വാസത്തിന്‍റെ വാതില്‍ 13) പരിശുദ്ധ പിതാവിന്‍റെ വാക്കുകള്‍ സി. റാണി മരിയയുടെ രക്തസാക്ഷിത്വത്തില്‍ അന്വര്‍ത്ഥമായി.

സി. റാണി മരിയയുടെ വീരോചിതമായ ക്രിസ്തീയ ജീവിതവും, സാഹോദര്യവും അനേകര്‍ക്ക് ഇന്ന് പ്രചോദനമാണ്. അതിലുപരി പ്രതിസന്ധികളിലും അടിച്ചമര്‍ത്തലുകളിലും വീഴുന്നവര്‍ക്ക് സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥയായി സി. റാണി മരിയ ഇന്നും ജീവിക്കുന്നു.

സി. റാണി മരിയയെ 2017 നവംബര്‍ 4-ന് വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ പ്രിഫെക്ടായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തികൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ തിരുവെഴുത്ത് വായിച്ചു.

സി. റാണി മരിയയുടെ ഘാതകരോട് നിരുപാധികം ക്ഷമിച്ച് മാതൃക കാട്ടിയ സിസ്റ്ററിന്റെ കുടുംബം മാതൃകപരമായ ക്രൈസ്തവ കുടുംബ ജീവിതത്തിന്‍റെ ഉദാഹരണമാണ്. ഭാരതത്തിലെ ആദ്യ വനിതാരക്തസാക്ഷിയായ റാണി മരിയ സ്നേഹത്തിന്‍റേയും, നീതിയുടേയും, സാഹോദര്യത്തിന്‍റേയും രക്തപുഷ്പങ്ങള്‍ ലോകം മുഴുവന്‍ വാരിവിതറുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.