''ബിബ്ലിയ 2025''; നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 22 ശനിയാഴ്ച്ച

''ബിബ്ലിയ 2025''; നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 22 ശനിയാഴ്ച്ച

ഡബ്ലിൻ: വി. ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസി സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ ‘ബിബ്ലിയ 2025’ ഫെബ്രുവരി 22 ശനിയാഴ്ച നടക്കും. ഡബ്ബിൻ ഗ്ലാസ്നേവിനിലുള്ള ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ ശനിയാഴ്ച് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

ഫ്രാൻസീസ് മാർപ്പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വർഷത്തിൻ്റെ അയർലണ്ട് ദേശീയതല ഔദ്യോഗിക ഉദ്ഘാടനവും തദവസരത്തിൽ നടക്കും. പ്രത്യാശയുടെ തീർത്ഥാടകർ എന്നതാണ് ജൂബിലി വർഷത്തിൻ്റെ തീം.

ജനുവരി 11 നു അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി ഫെബ്രുവരി ഒന്നിനു നാല് റീജയണിലും ഗ്രാൻ്റ് ഫിനാലെകൾ നടന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾവരെയുള്ള അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെൻ്ററുകളിലും നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാർ ഒരു ടീമായി റീജണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തു. റീജണൽ ഗ്രാൻ്റ് ഫിനാലെയിലെ വിജയികളായ ബെൽഫാസ്റ്റ്, കാസ്റ്റിൽബാർ, കോർക്ക്, ലിമറിക്ക്, ലിസ്ബൺ, ലൂക്കൻ, ഫിസ്ബറോ, താല, ടുള്ളുമോർ ടീമുകൾ നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കും.

ഡബ്ലിൻ റീജണൽ കമ്മറ്റിയും ഫിബ്സ്ബറോ കുർബാന സെൻ്ററാണ് ബിബ്ലിയ 2025 നാഷണൽ ഗ്രാൻ്റ് ഫിനാലെയ്ക്ക് ആതിഥ്യമരുളുക. നാഷണൽ പാസ്റ്ററൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലിലും, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റും, വിവിധ റീജിയണൽ, സോണൽ കൗൺസിലുകളും പരിപാടിക്ക് നേതൃത്വം നൽകും.

ഓഡിയോ വിഷ്യൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും 300 യൂറോയുടെ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 200 യൂറോയുടെ ക്യാഷ് അവാർഡും, മൂന്നാം സ്ഥാനക്കാർക്ക് ടോഫിയും 100 യൂറോയുടെ ക്യാഷ് അവാർഡും നൽകും.

കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരം ‘ഗ്ലോറിയ 2024’ ൻ്റെ വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാൻ്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.