'എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ സമ്മതിക്കില്ല; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാര്‍': സ്ഥലവും തിയതിയും തീരുമാനിച്ചോളൂവെന്ന് വി.ഡി സതീശന്‍

'എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ സമ്മതിക്കില്ല; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാര്‍': സ്ഥലവും തിയതിയും തീരുമാനിച്ചോളൂവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒയാസിസ് കമ്പനി തെറ്റായ വഴിയിലൂടെയാണ് വന്നത്. ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്.

മുഖ്യമന്ത്രിക്കാണല്ലോ ബ്രൂവറി കൊണ്ടുവരണം എന്ന് നിര്‍ബന്ധം. അപ്പോള്‍ മുഖ്യമന്ത്രിയുമായി സംവാദം ആകാം. സ്ഥലവും തിയതിയും സര്‍ക്കാരിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. ബ്രൂവറിക്കായി എത്ര വെള്ളം വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. സര്‍ക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. കൊക്കക്കോള കമ്പനിയേക്കാള്‍ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരും. മലമ്പുഴ ഡാമില്‍ ആവശ്യത്തിന് വെള്ളമില്ല. ഭൂഗര്‍ഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നില്‍ക്കുന്ന കമ്പനിയാണ് ഒയാസിസ് എന്നും വി.ഡി സതീശന്‍ പറഞ്ഞു.

ബ്രൂവറി വിഷയത്തില്‍ സിപിഐ നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി. സാധാരണ സിപിഐയെ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അപമാനിച്ചിരുന്നത്. ഇത്തവണ എം.എന്‍ സ്മാരകത്തില്‍ തന്നെ പോയി സിപിഐയെ അപമാനിച്ചു. സിപിഐ ആസ്ഥാനത്ത് പോയി സിപിഐ നിലപാടിനെതിരായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേല്‍പ്പിച്ചത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായി.

കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതി പെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്. പെട്ടിക്കടയും ബേക്കറിയും വരെ സംരംഭ പട്ടികയിലുണ്ട്. കേരളത്തില്‍ റീട്ടെയില്‍, ഹോള്‍സെയില്‍ വ്യാപാരം തകരുകയാണ്. ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച് പി.എസ്.സിയില്‍ വന്‍ ശമ്പള വര്‍ധന നടത്തിയ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.