'ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ തല്‍ക്കാലം പരിഗണിക്കേണ്ട': ലോക്പാല്‍ അധികാരം സംബന്ധിച്ച വിധിക്ക് സുപ്രീം കോടതി സ്റ്റേ

'ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ തല്‍ക്കാലം പരിഗണിക്കേണ്ട': ലോക്പാല്‍ അധികാരം സംബന്ധിച്ച  വിധിക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ ലോക്പാലിന് അധികാരം ഉണ്ടെന്ന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ലോക്പാല്‍ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ലോക്പാല്‍ വിധിക്ക് എതിരെ സ്വമേധയാ എടുത്ത കേസില്‍ നോട്ടീസ് അയച്ചു.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതി പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് ജനുവരിയില്‍ ഉത്തരവ് ഇറക്കിയിരുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ പൊതു പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്നും അതിനാല്‍ 2013 ലോക്പാല്‍ ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ അധികാരം ഉണ്ടെന്നും ആയിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

ഒരു ഒരു സിറ്റിങ്് ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതി പരിഗണിക്കവെയാണ് ലോക്പാല്‍ ഉത്തരവ്. ഹൈക്കോടതി ജഡ്ജി സിവില്‍ കേസില്‍ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയെയും മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

ആരോപണ വിധേയനായ ജഡ്ജിയുടെ പേര് പരസ്യപ്പെടുത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യ കാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ലോക്പാല്‍ ഉത്തരവ് സ്റ്റേ ചെയ്തത്. കേസ് ഹോളി അവധിക്ക് ശേഷം വിശദമായി പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.