വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങളില്‍ ഇളവ്

വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങളില്‍ ഇളവ്

വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്കും ലൈസന്‍സ് നല്‍കും.

തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല. രജിസ്ട്രേഷന്‍ മാത്രം മതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും ലൈസന്‍സ് ഫീസെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദേഹം പറഞ്ഞു.

സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിങ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സേവന ഗുണ മേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റമാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമ വിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്.

ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.