കൊച്ചി: വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കും. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഇതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ദൈവത്തിന്റെ സ്വന്തം നാടിനെ നിക്ഷേപത്തിന്റെ സ്വര്‍ഗമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ നിക്ഷേപ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇത് ആലങ്കാരിക മാറ്റങ്ങളല്ല. സമഗ്ര മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചുള്ള ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലെ നിക്ഷേപകരുടെ സാന്നിധ്യം കേരള വികസനത്തിനുള്ള പിന്തുണയാണ് കാണിക്കുന്നത്. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് അവസരം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് സംഗമം. മനുഷ്യവികസന സൂചികയില്‍ കേരളം മുന്‍നിരയിലാണ്. സമാനമായ നിലയില്‍ നിക്ഷേപത്തിന്റെ കാര്യത്തിലും കേരളത്തിനെ മുന്‍പന്തിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
കേരളത്തെ ഒരു ഇന്‍വെസ്റ്റ്മെന്റ് ഹബാക്കി മാറ്റുന്നതിന് കേരള സര്‍ക്കാര്‍ ഫെസിലിറ്റേറ്ററായാണ് പ്രവര്‍ത്തിക്കുക. ഒരു നിക്ഷേപകനും ചുവപ്പുനാടയില്‍ കുരുങ്ങുന്നില്ല എന്ന് ഉറപ്പാക്കും. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമം. ദേശീയപാത വികസനം മാത്രമല്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ യാത്രാ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിക്കും. അങ്ങനെ ബിസിനസ് ട്രിപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്.
24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കും. വ്യവസായത്തിന് ഭൂമിയില്ല എന്ന സാഹചര്യം ഒഴിവാക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. വ്യവസായ വികസനം സാധ്യമാക്കാന്‍ മനുഷ്യവിഭവ ശേഷിയും മെച്ചപ്പെടുത്തും. ഇതിനായി യുവാക്കളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. യുവാക്കള്‍ക്ക് വേണ്ട പരിശീലനം നല്‍കി തൊഴിലുടമള്‍ക്ക് വേണ്ട വിദഗ്ധരെ സൃഷ്ടിക്കാനാണ് ശ്രമം.
നിലവില്‍ സംസ്ഥാനത്ത് 6200 സ്റ്റാര്‍ട്ട് അപ്പുകള്‍ ആണ് ഉള്ളത്. 62,000 ജീവനക്കാരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. 2026 ഓടേ 15000 സ്റ്റാര്‍ട്ട് അപ്പുകളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.