തമിഴ്നാട്ടില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കുറയാന്‍ പോകുന്നു: മുന്നറിയിപ്പുമായി സ്റ്റാലിന്‍; സര്‍വകക്ഷി യോഗം വിളിച്ചു

 തമിഴ്നാട്ടില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കുറയാന്‍ പോകുന്നു: മുന്നറിയിപ്പുമായി സ്റ്റാലിന്‍; സര്‍വകക്ഷി യോഗം വിളിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കുറയാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മണ്ഡല പുനര്‍ നിര്‍ണയം വരുന്നതോടെ എട്ട് എംപിമാരുടെ കുറവ് വരുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡല പുനര്‍ നിര്‍ണയം വരുന്നതോടെ മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നും വിഷയം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചിന് എല്ലാ പാര്‍ട്ടികളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം വിളിക്കാനും സ്റ്റാലിന്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ ത്രിഭാഷ നയവും നീറ്റ് ഉള്‍പ്പെടെയുള്ള വിവാദങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

തമിഴ്നാട് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തമിഴ് ജനതയുടെ അവകാശ സംരക്ഷണത്തിന് എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാകണം. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത 40 പാര്‍ട്ടികളുടെയും പ്രതിനിധികളെ സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കുകയാണ്. വരാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയം തമിഴ്നാടിന് മേല്‍ ഉയര്‍ന്ന് നില്‍ക്കുന്ന വാളാണ് എന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ കുടുംബാസൂത്രണം വളരെ ഭംഗിയായി നടപ്പാക്കിയ സംസ്ഥാനമാണ് തമിഴ്നാട്. ഇതുപ്രകാരം തമിഴ്നാട്ടിലെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. എന്നാല്‍ ജനസംഖ്യാ അടിസ്ഥാത്തില്‍ മണ്ഡലം പുനര്‍ നിര്‍ണയിക്കാന്‍ പോകുകയാണ്. ഇതോടെ തമിഴ്നാട്ടില്‍ മണ്ഡലങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

മണ്ഡലം കുറയുന്ന സാഹചര്യമുണ്ടായാല്‍ തമിഴ്നാട്ടില്‍ നിന്ന് പാര്‍ലമെന്റിലുള്ള പ്രാതിനിധ്യം കുറയും. മണ്ഡല പുനര്‍ നിര്‍ണയം, നീറ്റ്, ത്രിഭാഷ നയം എന്നിവയും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയാകും. മറ്റൊരു ഭാഷാ യുദ്ധത്തിലേക്ക് തമിഴ്നാടിനെ തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അത്തരം നീക്കം ഡിഎംകെ എന്തുവില കൊടുത്തും ചെറുക്കുമെന്നും അദേഹം പറഞ്ഞു.

2026 ലെ ജനസംഖ്യാ കണക്ക് അടിസ്ഥാനമാക്കിയാകും അടുത്ത മണ്ഡല പുനര്‍നിര്‍ണയം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുംബാസൂത്രണം കൃത്യമായി നടപ്പാക്കിയത് കാരണം ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനംസഖ്യയില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഉത്തരേന്ത്യയില്‍ മണ്ഡലങ്ങള്‍ കൂടുകയും ദക്ഷിണേന്ത്യയില്‍ കുറയുകയും ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആശങ്ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.