തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ പിതാവിന്റെ അമ്മ സല്‍മാ ബീവിയുടെ കൊലപാതകത്തില്‍ പാങ്ങോട് പൊലീസ് ആണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് ഉറപ്പിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാര്‍ജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.
കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയാണന്ന് റൂറല്‍ എസ്പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ട്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ കൊടുക്കാന്‍ പറ്റാത്ത സ്റ്റേജിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് തിങ്കളാഴ്ച തിരഞ്ഞെടുക്കാനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും സുദര്‍ശന്‍ പറഞ്ഞു.
കൂട്ടക്കൊലപാതകത്തിനിടെ കൈക്കലാക്കിയ സ്വര്‍ണമാല ധനകാര്യ സ്ഥാപനത്തില്‍ വില്‍ക്കുകയും അതില്‍ നിന്ന് കിട്ടിയ തുകയില്‍ 40,000 രൂപ കടം കൊടുത്തയാള്‍ക്ക് അക്കൗണ്ട് വഴി തിരികെ നല്‍കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. 65 ലക്ഷം രൂപ എങ്ങനെ ബാധ്യത വന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
കടം വീട്ടാന്‍ മറ്റൊരാളില്‍ നിന്ന് വാങ്ങി നല്‍കുന്നതായിരുന്നു രീതി. അങ്ങനെ ഒരു റോളിങ് രീതിയില്‍ പലരില്‍ നിന്ന് വാങ്ങി പലര്‍ക്കും കൊടുത്തു. എന്നാല്‍ അവസാനം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. കുറിയുമായി ബന്ധപ്പെട്ടും കുറെ പണം വാങ്ങിയിട്ടുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു.
അഫാന്റെ പിതാവ് രണ്ടര വര്‍ഷമായി നാട്ടില്‍ വന്നിട്ടില്ല. നാട്ടില്‍ വന്നാല്‍ മാത്രമേ പിതാവിന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇത്രയും നാളായിട്ടും വരാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പ്രശ്നം ഉള്ളതായാണ് സൂചന. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ മൊബൈല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്.
കൊലപാതകം നടന്ന തിങ്കളാഴ്ച പൈസ ചോദിച്ച് ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട്. കൃത്യം നടന്ന ദിവസം പ്രതി ബൈക്കിലാണ് പോയിട്ടുള്ളത്. പെണ്‍കുട്ടിയുമായുള്ള ബന്ധം സംബന്ധിച്ചും കൂടുതല്‍ അന്വേഷണം വേണം.
ഇങ്ങനെ പെരുമാറാനുള്ള കാരണം വിശദമായി പരിശോധിക്കേണ്ടതുണ്ട്. എന്തെങ്കിലും മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യമെല്ലാം അന്വേഷിക്കണം. ഇതിനായി വിദഗ്ധരുടെ സഹായം തേടും. ലഹരിയുടെ ഉപയോഗത്തിന് സൂചനയില്ല. കൂട്ട ആത്മഹത്യയ്ക്ക് കുടുംബം ആലോചിച്ചതായി മൊഴിയുണ്ടെന്നും സുദര്‍ശന്‍ പറഞ്ഞു.
പ്രതിയുടേത് അത്യപൂര്‍വ പെരുമാറ്റമാണ്. കൊലപാതകങ്ങള്‍ക്കിടയിലും നോര്‍മലായി പെരുമാറിയ പ്രതി സ്വര്‍ണമാല വിറ്റ് കടം നല്‍കിയവര്‍ക്കുള്ള പണം അക്കൗണ്ടില്‍ ഇട്ടു കൊടുത്തു. ബാറില്‍ കയറി മദ്യപിച്ചു. ഈ മനോനിലയെ കുറിച്ച് വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.