'ഇന്ധനവില എന്ന് കുറയും’; വിദ്യാർഥികളുടെ ചോദ്യത്തിന് ധനമന്ത്രി നൽകിയ മറുപടി വൈറൽ

'ഇന്ധനവില എന്ന്  കുറയും’; വിദ്യാർഥികളുടെ ചോദ്യത്തിന് ധനമന്ത്രി നൽകിയ മറുപടി വൈറൽ

ന്യൂഡൽഹി: ഇന്ധനവില എന്ന് കുറയും? എന്ന് പഴയതുപോലെ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ഇന്ധനം ലഭിക്കും? ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇതുവരെ കേന്ദ്രസർക്കാർ ഉത്തരം നൽകിയിട്ടില്ല. കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ഇതേ കുറിച്ച് കോളജ് വിദ്യാർഥികൾ ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്.

പെട്രോൾ, ഡീസൽ, പാചകവാതക ഇന്ധന വില കുതിച്ചുയരുന്നതിനിടെ പൊതുജനങ്ങളാകെ അന്വേഷിക്കുന്നത് എന്ന് മുതൽ രാജ്യത്ത് വില കുറഞ്ഞ് തുടങ്ങുമെന്നാണ്. ഒടുവിൽ അതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്.

ഇന്ധന നികുതി കുറച്ച് എന്നുമുതൽ പെട്രോളിന് വില കുറയുമെന്നതിനെ കുറിച്ച് തനിക്കും വ്യക്തമായി അറിയില്ല എന്നായിരുന്നു ഉന്നത കേന്ദ്രത്തിൽ നിന്നുള്ള പ്രതികരണം. ‘പെട്രോൾ വില മൂന്നക്കം കടന്നു. എന്നാണ് ഇന്ധന സെസുകൾ കുറച്ച് പെട്രോളിനും ഡീസലിനും വില കുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്?’ ധനമന്ത്രിയോട് ഒരു ചർച്ചയിൽ അവതാരകൻ ചോദിച്ചു. നിറഞ്ഞ കയ്യടിയാണ് ഈ ചോദ്യത്തിന് അവിടെ കൂടിയിരുന്നവർ നൽകിയത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട് കോളജിൽ നടന്ന ചർച്ചയ്ക്ക് ഇടയിലാണ് മന്ത്രിയെ തേടി ചോദ്യമെത്തിയത്.

'എന്ന് വില കുറക്കാൻ സാധിക്കുമെന്ന് എനിക്ക് ഇപ്പോൾ പറയാനാകില്ല. ഞാനും ഈ വില വർധനവിൽ ധർമസങ്കടത്തിലാണ്.’ – നിർമലാ സീതാരാമൻ പറഞ്ഞു. എന്തായാലും രാജ്യത്തെ ധനകാര്യ മന്ത്രിക്ക് പോലും ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ ധരണയില്ലെന്നാണ് ഇതിനോടുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നുണ്ടായ പ്രതികരണം.

'ഇന്ധന വില വര്‍ധന ഒരു കുഴപ്പം പിടിച്ച പ്രശ്‌നമാണെന്നും കേന്ദ്രത്തിന് മാത്രമായി അതിൽ പരിഹാരം കാണാനാകില്ലെന്നും' നേരത്തെ നിര്‍മലാ സീതാരാമന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.