മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ക്കെതിരേയും കേസെടുക്കാന്‍ മുംബൈ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ആന്റികറപ്ഷന്‍ ബ്യൂറോ(എ.സി.ബി) കോടതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൃത്യ നിര്‍വഹണത്തിലെ വീഴ്ചകള്‍ക്കും ഗൂഢാലോചനയ്ക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അതിനാല്‍ ന്യായവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും ശനിയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ എസിബി കോടതി ജഡ്ജ് എസ്.ഇ ബങ്കാര്‍ പ്രസ്താവിച്ചു. സ്പെഷ്യല്‍ ആന്റി കറപ്ഷന്‍ ബ്യൂറോയോട് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സിആര്‍പിസി പ്രകാരം ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സെബി മേധാവിക്കും ബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും എതിരെ വിപണിയില്‍ കൃത്രിമത്വവും അഴിമതിയും നടത്തിയതായി ആരോപിച്ച് താനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് സനാപ് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സെബി ഡയറക്ടര്‍ബോര്‍ഡ് അംഗമായിരിക്കെ മാധബി പുരി ബുച്ച് ക്രമവിരുദ്ധമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് വരുമാനം നേടിയെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. സിങ്കപ്പൂരിലെ കണ്‍സള്‍ട്ടന്‍സി കമ്പനിയായ അഗോറ പാര്‍ട്ണേഴ്സില്‍ മാധബിക്കുണ്ടായിരുന്ന ഓഹരികള്‍ 2022 ല്‍ സെബി ചെയര്‍പേഴ്സണായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കിടെ ഭര്‍ത്താവിന് കൈമാറിയെന്ന് യു.എസ് ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് ചില താല്‍പര്യങ്ങളള്‍ ഉള്ളതായും ഹിന്‍ഡെന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.