പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; വിരട്ടല്‍ വേണ്ടെന്ന് സ്പീക്കര്‍: ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു

പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; വിരട്ടല്‍ വേണ്ടെന്ന് സ്പീക്കര്‍: ബഹളം രൂക്ഷമായതോടെ  സഭ പിരിഞ്ഞു

തിരുവനന്തപുരം: നിയമ സഭയില്‍ സ്പീക്കറും പ്രതിപക്ഷവും തമ്മിലുണ്ടായ വാക് പോരിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രസംഗ സമയത്തെ ചൊല്ലി പ്രതിപക്ഷ നേതാവും സ്പീക്കറും തര്‍ക്കം തുടരുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഈ മാസം പത്തിന് സഭ വീണ്ടും ചേരും.

ആശാ വര്‍ക്കര്‍മാരുടെ സമരം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സ്പീക്കര്‍ എ.എന്‍ ഷംസീറുമായി തര്‍ക്കമുണ്ടായത്.

പ്രസംഗം പതിനൊന്ന് മിനിറ്റ് ആയെന്നും സമയത്തിനുള്ളില്‍ സംസാരിക്കണമെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയപ്പോള്‍ അങ്ങനെയൊന്നും വിരട്ടാന്‍ നോക്കേണ്ടെന്ന് സ്പീക്കര്‍ തിരിച്ചടിച്ചു.

തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി. ഇതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അതിനിടെ ആഴക്കടല്‍ ധാതു ഖനനത്തിന് എതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതി നിര്‍ദേശങ്ങളും അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം ഭേദഗതികള്‍ സഭയില്‍ അവതരിപ്പിച്ചില്ല. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.

നേരത്തെ ചോദ്യോത്തര വേളയിലും പ്രതിപക്ഷവുമായി സ്പീക്കര്‍ ഇടഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യം നീണ്ടു പോയപ്പോള്‍ 45 സെക്കന്റില്‍ ചോദ്യം തീര്‍ക്കണം എന്നും പ്രസ്താവന നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇത് ചോദ്യം ചെയ്ത എം. വിന്‍സന്റിനോടും സ്പീക്കര്‍ കയര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.