ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഈ പദ്ധതിയുടെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു.
മികച്ച സ്വകാര്യ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നതിലൂടെ അക്കാഡമിക് പഠനത്തെ പ്രായോഗിക വ്യവസായ അനുഭവവുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭം. 21-24 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന പദ്ധതി വിവിധ വ്യവസായങ്ങളില്‍ ഉടനീളമുള്ള ഇന്ത്യയിലെ മികച്ച 500 കമ്പനികളില്‍ 12 മാസത്തെ ഇന്റേണ്‍ഷിപ്പ് സൗകര്യം പ്രദാനം ചെയ്യുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതി 2024-25ല്‍ പരീക്ഷണ ഘട്ടത്തില്‍ മാത്രം 1.25 ലക്ഷം യുവാക്കളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025; മാനദണ്ഡങ്ങള്‍
10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഈ പദ്ധതി മുഖേന അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകര്‍ 21 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെ ആയിരിക്കണം. പ്രൊഫഷണല്‍ ബിരുദങ്ങളുള്ള, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യരല്ല.
അപേക്ഷയുടെ വിവരങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടല്‍ വഴി നേരിട്ട് പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കാം. നിങ്ങള്‍ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്‌ട്രേഷന്‍ അവസാന തിയതിക്ക് മുമ്പ് പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കുക, അതായത് 2025 മാര്‍ച്ച് 12 അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട രീതി:
അപേക്ഷ സമര്‍പ്പിക്കാനായി pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ശേഷം 'PM Internship Scheme 2025 registration forms' എന്ന ലിങ്കിലേക്ക് നാവിഗേറ്റ് ചെയ്യുക
സ്വയം രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക
വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വം നല്‍കി പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക
ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സമീപകാല പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷിക്കുന്ന സമയത്ത് കൈവശം വയ്ക്കുന്നത് നന്നാവും. അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങള്‍ തീര്‍ക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.
കൂടാതെ ഇമെയില്‍ വഴിയും ഫോണ്‍ വഴിയും ബന്ധപ്പെടാം
ഇമെയില്‍: [email protected], ഫോണ്‍: 1800 11 6090
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.